വിജയ്- വിസിൽ- വിക്ടറി, ജനനായകൻ റിലീസ് തടസം മാറുന്നു, വിജയ്‌ക്കായി 'വി' മണ്ഡലങ്ങൾ
ചെന്നൈ: 'ജനനായകൻ' റിലീസാകുന്നതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുള്ള സീറ്രുകൾ നേടാൻ കഴിയുമെന്ന് ടി.വി.കെ നേതൃത്വം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 'വിജയ്-വിസിൽ-വിക്ടറി' എന്ന മുദ്രാവാക്യം അണിയറയിൽ തയ്യാറാകുന്നുണ്ട്. ടി.വി.കെയ്ക്ക് 'വിസിൽ' ചിഹ്നം അനുവദിച്ചത് നേട്ടമാകുമെന്നാണ് വിലയിരുത്തൽ. ചെന്നൈയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ വിസിൽ നിരോധിച്ചതോടെ ചിഹ്നം സജീവ ചർച്ചയായി. 'വി'യിൽ തുടങ്ങുന്ന പേരുള്ള 2 മണ്ഡലങ്ങളിൽ വിജയ് മത്സരിക്കാനിറങ്ങും.
വിരുഗമ്പാക്കം,വേലച്ചേരി,വിക്രവണ്ടി,വേദാരണ്യം എന്നിവയാണ് പ്രാഥമിക പട്ടികയിലുള്ള മണ്ഡലങ്ങൾ. ഇതിൽ ചെന്നൈ നഗരപരിധിയിൽ വരുന്ന വിരുഗമ്പാക്കത്തും വേലച്ചേരിയിലുമായിരിക്കും വിജയ് ജനവിധി തേടാൻ സാദ്ധ്യത. ടി.വി.കെയ്ക്കു വേണ്ടി മത്സരിക്കന്ന സ്ഥാനാർത്ഥികളെയെല്ലാം 'വിജയ്' ആയി കാണണമെന്നാണ് വിജയ് പൊതുജനത്തോട് അഭ്യർത്ഥിക്കുന്നത്.
അതേസമയം,സെൻസർ ബോർഡിനെതിരെ നൽകിയ കേസുകളൊക്കെ പിൻവലിച്ച് 'തന്ത്രപരമായ കീഴടങ്ങലി'ലൂടെ ജനനായകൻ തിയേറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കളുടെ ശ്രമം. 20ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
ചിത്രത്തിന്റെ റീലീസ് നീളുന്നതിനിടയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ജനനായകൻ റിലീസ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് ഭയന്ന് വിജയ്‌യുടെ കൂടി നിർദ്ദേശം കണക്കിലെടുത്ത് നിർമ്മാതാക്കൾ കേസുകൾ പിൻവലിക്കുന്നത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി.ടി. ആശയ്ക്ക് മുമ്പാകെയാണ് നിർമ്മാതാക്കൾ ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചു. സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു. നേരത്തെ സെൻസർ ബോർഡ് നിർദ്ദേശിച്ച ചില മാറ്റങ്ങളിൽ വിയോജിച്ചാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചിരുന്നത്.