വനിതാ ഡോക്ടറുടെ വജ്രാഭരണം കവർന്ന മോഷ്ടാവ് അറസ്റ്റിൽ

Tuesday 10 February 2026 1:06 AM IST

19 കാരൻ പിടിയിലായത് മൂന്നാറിൽ നിന്ന്

കൊച്ചി: വനിതാ ഡോക്ടറുടെ മുറിയിൽ നിന്ന് ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പെടെ 4.25 ലക്ഷം രൂപയുടെ സാധനങ്ങൾ കവർ‌ന്ന മോഷ്ടാവിനെ മൂന്നാറിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് മധുര സ്വദേശി സതീഷ് കുമാറിനെയാണ് (19) എളമക്കര പൊലീസ് പിടികൂടിയത്. വിരലടയാളം പിന്തുട‌ർന്നുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ഇടപ്പള്ളി ഷംസീൻ ഹോട്ടലിലെ 103 നമ്പർ മുറിയിൽ ഡിസംബർ 23നായിരുന്നു കവർച്ച. മുറിയിൽ താമസിച്ചിരുന്ന ആലപ്പുഴ കൊല്ലക്കടവ് സ്വദേശി ഡോ. ഷഹാന ഷാജി വാതിൽ പൂട്ടാതെ പുറത്തു പോയ തക്കം നോക്കിയാണ് അകത്തു കടന്നത്. മുറിയിലുണ്ടായിരുന്നു ലാപ്ടോപ്പ്, ഐ ഫോൺ, ഡയമണ്ട് മാല, ഡയമണ്ട് മോതിരം, സ്വർണ മോതിരം തുടങ്ങിയവ കവർന്നു.

സമീപത്തെ സി.സി ടിവി ദൃശ്യത്തിൽ നിന്ന് മോഷ്ടാവ് ഓട്ടോയിൽ ചക്കരപ്പറമ്പിലെ ഒരു ആക്രിക്കട വരെ പോകുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയെങ്കിലും ആദ്യം ആളെ തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട്, മുറിയിൽ നിന്ന് ശേഖരിച്ച വിരലയാളത്തിൽ നിന്നാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസം മൂന്നാറിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എളമക്കര പൊലീസ് സംഘം ഇവിടെയെത്തി സാഹസികമായി കസ്റ്റഡിയിൽ എടുത്തു. മോഷ്ടിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മൂന്നാറിലെ ഒരു കടയിൽ 5000 രൂപയ്ക്ക് വിറ്റതായിട്ടാണ് ഇയാൾ നൽകിയ മൊഴി. ഡയമണ്ട് ആഭരണങ്ങളെക്കുറിച്ച് വിവരമില്ല.

ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ മനോജ്, വിശ്വജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ്, സുധീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.