ഭരണം മാറിയില്ലെങ്കിൽ ബംഗാൾ പോലെയാകും: കെ. സച്ചിദാനന്ദൻ

Tuesday 10 February 2026 2:33 AM IST

തൃശൂർ: കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്ന് കവിയും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ കെ.സച്ചിദാനന്ദൻ. ഇത് തിരഞ്ഞെടുപ്പ് കാലത്തല്ല, എല്ലാക്കാലത്തും പറയുന്നതാണ്. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി വരണം. ബംഗാൾ ഉദാഹരണമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

തുടർ ഭരണത്തിൽ, പാർട്ടി ആഗ്രഹിക്കാത്ത ആളുകൾ സ്വാർത്ഥ താൽപര്യങ്ങളോടെ കടന്നു വരും. അധികാരത്തിൽ കേന്ദ്രീകരണം വർദ്ധിക്കും. പ്രതിപക്ഷമാകുന്നത് ഭരണപക്ഷം മറന്നു പോകും. പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിയെ ശക്തിപ്പെടുത്താനും ജനങ്ങൾക്കിടയിൽ കൂടുതൽ വേരാഴ്ത്താനും സഹായിക്കും. പ്രതിപക്ഷമാണ് പലപ്പോഴും ജനഹിതം പ്രകടിപ്പിക്കുന്നത്. ജയം, തോൽവി എന്നതാകരുത് പാർട്ടികളുടെ ആത്യന്തിക ലക്ഷ്യം.

അടിത്തട്ടിലുള്ള കർഷകർ, ആദിവാസികൾ, ദളിതർ തുടങ്ങിയവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതാണ് ജനാധിപത്യം. ഇതു വരെ കാണാത്തവരെയും കേൾക്കാത്തവരെയും ജനസഭയിൽ കാണാനും കേൾക്കാനും തുടങ്ങുമ്പോഴാണ് ജനാധിപത്യം ആത്യന്തികാർത്ഥത്തിൽ ജനാധിപത്യമാകുന്നത്. മാറി മാറി ഭരിക്കുകയെന്നത് അടിസ്ഥാന തത്വമാണ്. ഏതെങ്കിലുമൊരു പാർട്ടിയെക്കുറിച്ചല്ല പറയുന്നത്. കോൺഗ്രസ് രണ്ട് തവണ ഭരിച്ചാലും ഇതേ പോലെ പറയുമായിരുന്നു. ഇന്ത്യാ സഖ്യത്തെക്കുറിച്ച് സീതാറാം യെച്ചൂരിയുടെ നിലപാടിനെ താൻ പിന്തുണച്ചു. ബി.ജെ.പിക്കെതിരെ ഒന്നിച്ച് നിൽക്കണം. കേരളത്തിൽ ഒന്നിച്ച് നിൽക്കണമെന്ന് പറയുന്നില്ല. കാരണം അങ്ങനെ വന്നാൽ ബി.ജെ.പി മുഖ്യപ്രതിപക്ഷമാകും. ബി.ജെ.പിക്ക് സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ രണ്ട് മുന്നണികൾ തമ്മിൽ ധാരണയുണ്ടായിരുന്നെങ്കിൽ ഇത്തരത്തിലുള്ള ഫലം പ്രാദേശിക തിരഞ്ഞെടുപ്പിൽ ഉണ്ടാകുമായിരുന്നില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.