ഒഡീഷക്കാർ തമ്മിൽ വാക്കുതർക്കം: ഒരാൾ കുത്തേറ്റുമരിച്ചു; പ്രതി പിടിയിൽ

Tuesday 10 February 2026 3:04 AM IST

മൂവാറ്രുപുഴ: വാക്കുതർക്കത്തെ തുടർന്ന് ഒഡീഷക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കേന്ദ്രപാറ സ്വദേശി രാകേഷ് ബെഹ്റ (26) കുത്തേറ്റുമരിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഒഡീഷ സ്വദേശി ശരത് മഹാറാണയെയാണ് (മിട്ടു 36) മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പൈനാപ്പിൾ സിറ്റിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രതി ഹാക്സോ ബ്ലേഡ് കൊണ്ടുള്ള കത്തിഉപയോഗിച്ച് രാകേഷ് ബെഹ്റയുടെ നെഞ്ചിൽ രണ്ടുതവണ കുത്തുകയായിരുന്നു. ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. രാകേഷിനെ ആദ്യം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു അന്ത്യം.

എസ്.ഐമാരായ എസ്.എൻ. സുമിത, എം.വി. ദിലീപ്, കെ. കുമാരൻ, ടി.എ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.പി. രതീഷ്, കെ.വി. ഗിരീഷ്‌കുമാർ, കെ.ടി. നിജാസ്, ജോബി പി. ചാക്കോ, ക്രിസ്തുദാസ് പീറ്റർ, ഇർഫാൻ ഹബീബ് ,വിനോയ് കക്കാട്ടുകുടി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.