മാക്രോൺ വരും മുൻപ് 114 റാഫേൽ ഇടപാടിന് അനുമതി നൽകും
ന്യൂഡൽഹി: വ്യോമസേനയ്‌ക്കായി 3.25 ലക്ഷം കോടി ചെലവിൽ പരിഷ്‌കരിച്ച 114 റാഫേൽ എഫ് 4 സ്റ്റാർ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇടപാടിന് അടുത്തയാഴ്‌ച ഡിഫൻസ് അക്വസിഷൻ കൗൺസിൽ (ഡി.എ.സി) അനുമതി നൽകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിലാണിത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 18ന് ഡൽഹിയിൽ എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുമ്പോൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കഴിഞ്ഞ മാസം ഡിഫൻസ് പ്രൊക്യുർമെന്റ് ബോർഡ് ഇടപാടിന് അനുമതി നൽകിയ ഇടപാടിന് 'അക്‌സെപ്റ്റൻസ് ഒഫ് നെസസറി' (എ.ഒ.എൻ) അനുവദിക്കേണ്ടത് ഡി.എ.സിയാണ്. സാങ്കേതിക,വാണിജ്യ ചർച്ചകൾക്ക് ശേഷം മാക്രോണിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് അന്തിമ രൂപമുണ്ടാകും. വിമാനത്തിൽ ഘടിപ്പിക്കാനുള്ള സ്‌കാൽപ്പ് മിസൈൽ വാങ്ങാനുള്ള ഇടപാടും ഇതിനൊപ്പമുണ്ട്. 2030 മുതൽ വിമാനങ്ങൾ ലഭിക്കും.
24 വിമാനങ്ങൾ ഫ്രാൻസിൽ നിർമ്മിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 90 എണ്ണം നാഗ്‌പൂരിലെ ഡാസോ റിലയൻസ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (ഡി.ആർ.എ.എൽ) പ്ളാന്റിൽ 60% തദ്ദേശീയമായ ഘടകങ്ങളോടെ നിർമ്മിക്കും. ഫ്രാൻസിൽ നിർമ്മിക്കുന്നവ അത്യാധുനിക സൗകര്യങ്ങളുള്ള എഫ് 5 പതിപ്പായിരിക്കും. നിലവിൽ സേനയിൽ വിന്ന്യസിച്ച എഫ്3-ആർ സീരീസിലുള്ളവയെ എഫ് 4 പതിപ്പിലേക്ക് ഉയർത്താനും ധാരണയുണ്ട്. 2027ൽ കരാർ ഒപ്പിട്ടാൽ,ആദ്യത്തെ 18 വിമാനങ്ങൾ 2030 മുതൽ ഇന്ത്യയിലെത്തും. നിലവിൽ വ്യോമസേനയിൽ 36 റാഫേൽ വിമാനങ്ങൾ വിന്ന്യസിച്ചിട്ടുണ്ട്. നാവികസേനയ്ക്കായി 26 റാഫേൽ മറൈൻ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.