കാനഡയിൽ അതിശൈത്യം തുടരുന്നു
Tuesday 10 February 2026 7:47 AM IST
ഒട്ടാവ: കാനഡയിൽ കടുത്ത ശൈത്യം തുടരുന്നു. പ്രയറി മേഖലകളിലും (മാനിറ്റോബ, സസ്‌കാറ്റ്‌ചെവാൻ പ്രവിശ്യകളിൽ) വടക്കൻ ഒന്റേറിയോയിലും യെല്ലോനൈഫ് പോലുള്ള വടക്കൻ പ്രദേശങ്ങളിലും -27 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. എന്നാൽ ഇവിടങ്ങളിൽ ശീതക്കാറ്റിന്റെ പ്രഭാവത്താൽ -45 ഡിഗ്രി സെൽഷ്യസ് മുതൽ -50 ഡിഗ്രി സെൽഷ്യസ് വരെ 'വിൻഡ് ചിൽ" അനുഭവപ്പെടാമെന്നാണ് മുന്നറിയിപ്പ്. യഥാർത്ഥ താപനിലയേക്കാൾ കൂടുതൽ തണുപ്പ് ചർമ്മത്തിൽ അനുഭവപ്പെടുന്ന അവസ്ഥയാണ് വിൻഡ് ചിൽ. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേ സമയം, കാനഡയുടെ പടിഞ്ഞാറൻ തീരങ്ങളിൽ മിതമായ കാലാവസ്ഥയാണ്. വാൻകൂവറിലും തെക്കൻ ആൽബർട്ടയിലും 8 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി.