ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ നിര്‍ദേശം; കേരളത്തിലേത് ഉള്‍പ്പെടെയുള്ള പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം

Tuesday 10 February 2026 7:16 PM IST

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളം, തമിഴ്‌നാട്, അസാം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. മേയ് മാസത്തില്‍ പുതിയ സര്‍ക്കാരുകള്‍ ഇവിടങ്ങളില്‍ അധികാരമേല്‍ക്കണം. മാര്‍ച്ച് ആദ്യവാരം തന്നെ കേരളത്തിലേത് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനാണ് സാദ്ധ്യത.

ഒരുക്കങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നിര്‍ദേശം നല്‍കിയിരിക്കുകയാണ് കമ്മീഷന്‍. തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഒരേ ജില്ലയില്‍ മൂന്ന് വര്‍ഷം തുടരുന്നവരെയും സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അദ്ധ്യാപകര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ക്ക് സ്ഥലംമാറ്റം ബാധകമല്ല.

ജില്ലാ കളക്ടര്‍മാര്‍, എഡിഎമ്മുമാര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, തഹസില്‍ദാര്‍മാര്‍, ബിഡിഒ എന്നിവര്‍ക്കും റേഞ്ച് എ.ഡി.ജി മുതല്‍ സബ് ഇന്‍സ്പെക്ടര്‍ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സ്ഥലംമാറ്റം ബാധകമായിരിക്കും. ഈ വര്‍ഷം മേയ് 31ന് മുമ്പ് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശത്തിന്റെ ഭാഗമായുള്ള സ്ഥലംമാറ്റം ബാധകമായിരിക്കില്ല. ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളവരോ, അച്ചടക്ക നടപടികള്‍ നേരിടുന്നവരോ, മുന്‍ തിരഞ്ഞെടുപ്പുകളില്‍ വീഴ്ച വരുത്തിയവരോ ആയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികളില്‍ ഉള്‍പ്പെടുത്തരുതെന്നും കമ്മീഷന്റെ നിര്‍ദേശമുണ്ട്.