പത്മശ്രീ ഡോ. ബി. രവിപിള്ള: സ്നേഹത്തിന്റെ പ്രത്യയശാസ്ത്രം
സമ്പത്ത്, കെട്ടിക്കിടക്കുന്ന വെള്ളം പോലെ ആകരുത്. അത് ഒഴുകുന്ന നദി പോലെ ആകണം. ഏറ്റവും പ്രയാസമനുഭവിക്കുന്നവരിലേക്ക് അത് എത്തിക്കാൻ കഴിയണം. അപ്പോൾ മാത്രമേ ജീവിതത്തിന് അർത്ഥമുണ്ടാകൂ എന്നു പറയുന്ന ഒരു പ്രവാസി വ്യവസായി നമുക്കിടയിലുണ്ട്- ആർ.പി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള. അദ്ദേഹം വെറുതെ പറയുക മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഇക്കാര്യം നിരന്തരം തെളിയിക്കുകയാണ്.
അടുത്ത അമ്പതു വർഷത്തേക്ക് വിദ്യാർത്ഥി സ്കോളർഷിപ്പിനായി 525 കോടി രൂപയാണ് ഏറ്റവും ഒടുവിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രവി പിള്ള ഫൗണ്ടേഷൻ മാറ്റി വച്ചത്. വമ്പൻ സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കമാകുന്ന ഘട്ടത്തിൽ ഡോ. രവി പിള്ള കേരളകൗമുദിയുമായി സംസാരിക്കുന്നു.
? ജീവകാരുണ്യം ജീവിതവ്രതമാക്കിയ പ്രവാസി വ്യവസായിയാണ് അങ്ങ്. സമ്പാദിക്കുന്നതിനൊപ്പം അത് അർഹരുമായി പങ്കിടണമെന്ന ചിന്തയ്ക്കു പിന്നിൽ...
ഒരു കർഷക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അന്നത്തെ രീതിയനുസരിച്ച് കർഷകനായോ ഉദ്യോഗസ്ഥനായോ മാറുമായിരുന്നു. പക്ഷെ സ്കൂൾ കാലം മുതൽ തന്നെ ഒരു ബിസിനസുകാരനാകണം എന്നതായിരുന്നു എന്റെ ആഗ്രഹം. ആ ആഗ്രഹത്തിലേക്കുള്ള യാത്രയ്ക്കിടെ ഞാൻ നിരവധി പേരുടെ കഷ്ടപ്പാടുകൾ അടുത്തുനിന്ന് കണ്ടു. അന്ന് തീരുമാനിച്ചതാണ്, ഒരു വ്യവസായിയായി മാറുമ്പോൾ കഴിയുന്ന രീതിയിൽ, കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന്. നമ്മളാൽ കഴിയുന്നത് ഒപ്പമുള്ളവർക്കായി ചെയ്യുക.
? ദിവസ ചിട്ടിയിൽ തുടങ്ങി, ഇന്ന് ആഗോളതലത്തിൽ വ്യവസായ സ്ഥാപനങ്ങളുള്ള ഒരു സംരംഭകനായി വളർന്നു. ഈ യാത്ര എങ്ങനെയായിരുന്നു.
മുമ്പ് പല അവസരത്തിലും ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ദിവസ ചിട്ടിയിലായിരുന്നു തുടക്കം. പിന്നീട് എം.ബി.എ പഠനത്തിനായി കൊച്ചിയിൽ എത്തിയതാണ് ഇന്നത്തെ ബിസിനസ് മാനിലേക്കുള്ള വളർച്ചയ്ക്ക് വഴിവച്ചത്. കൊച്ചിയിൽ ചില എൻജിനിയർമാരുടെ സഹായത്തോടെ എഫ്.എ.സി.ടിയിലും, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിലും, കൊച്ചിൻ റിഫൈനറീസിലും നിർമ്മാണ പ്രവൃത്തികൾ ചെയ്തു. പ്രാദേശികമായ ചില പ്രതിസന്ധികളുണ്ടായപ്പോഴാണ് സൗദി അറേബ്യയിലേക്ക് പോകാൻ തീരുമാനിച്ചത്.
ഫ്രഞ്ച് കമ്പനിക്കായി വിമാന ഷെൽട്ടർ നിർമ്മിക്കുന്ന കരാർ ഏറ്റെടുത്താണ് തുടക്കം. പിന്നാലെ റിയാദിൽ റോയൽ എയർപോർട്ട് ടെർമിനലിന്റെ ഉപകരാർ ലഭിച്ചു. അഞ്ചു വർഷം കഴിഞ്ഞപ്പോൾ എണ്ണ പര്യവേഷണത്തിലേക്ക് കടന്നു. 1990-ൽ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിർമ്മാണങ്ങളിലേക്ക് കടന്നു. ഖത്തർ, ബഹറെയിൻ, യു.എ.ഇ, ഏഷ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇന്ന് ആർ.പി ഗ്രൂപ്പിന്റെ സാന്നിദ്ധ്യമുണ്ട്. ഇതിനു പുറമെ ഐ.ടി, ട്രേഡിംഗ്, വിദ്യാഭ്യാസം എന്നീ മേഖലകളിലും ആർ. പി ഗ്രൂപ്പ് പ്രവർത്തിക്കുന്നു.
? അവധിയെടുക്കാത്ത സി.ഇ.ഒ എന്ന് അങ്ങയെ ചിലർ വിശേഷിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്യുന്നത്.
150 ജീവനക്കാരുമായാണ് ഞാൻ തുടങ്ങിയത്. ഒരു ലക്ഷം ജീവനക്കാരുള്ള കമ്പനിയായി വളർത്തണമെന്നായിരുന്നു ആഗ്രഹം. ഇന്ന് ഒരു ലക്ഷത്തി അറുപതിനായിരം ജീവനക്കാരുള്ള കമ്പനിയായി വളർന്നു. കമ്പനിയും ജീവനക്കാരും വളർന്നപ്പോൾ ഉത്തരവാദിത്വവും വലുതായി. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഇപ്പോൾ എന്റെ ഉത്തരവാദിത്വമാണ്. വിശ്രമിച്ചാൽ ആ ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കില്ല.
? ഗൾഫ് നാടുകളിൽ ഇന്ന് മലയാളിക്ക് വലിയ സ്വീകാര്യതയുണ്ട്. പക്ഷെ ഗൾഫ് പണം ഇന്ത്യയിലേക്കും; പ്രത്യേകിച്ച് കേരളത്തിലേക്കും എത്തിത്തുടങ്ങുന്ന കാലത്താണ് താങ്കൾ അവിടെയെത്തുന്നത്. എങ്ങനെയായിരുന്നു അന്നത്തെ ജീവിതം.
ഞാൻ സൗദിയിൽ എത്തുന്നതിന് മുമ്പുതന്നെ കേരളത്തിൽ നിന്ന് ധാരാളം പേർ അവിടെയെത്തി ജോലി ചെയ്ത് നാട്ടിലേക്ക് പണം അയയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ, അക്കാലത്ത് മലയാളികളെ സാധാരണ ജോലി ചെയ്യുന്ന കൂലിക്കാരായാണ് അവിടത്തുകാർ കണ്ടിരുന്നത്. ഇന്നത്തെ സ്ഥിതി അതല്ല. ഇന്ന് ഗൾഫിലെ പല പ്രമുഖ കമ്പനികളിലും പ്രധാനപ്പെട്ട പദവികളിൽ മലയാളികൾ ജോലി ചെയ്യുന്നു. പ്രധാന വ്യവസായങ്ങൾ തന്നെ മലയാളികൾ നടത്തുന്നു.
? ഈ മാറ്റത്തിൽ താങ്കൾക്കും പങ്കില്ലേ.
അത്തരം അവകാശവാദങ്ങളൊന്നുമില്ല. ഞാൻ സൗദിയിൽ എത്തുമ്പോൾ സഹായിക്കാൻ പ്രത്യേകിച്ച് ആരുമുണ്ടായിരുന്നില്ല. ഒരു സൗദി പൗരനുമായി ചേർന്നാണ് ബിസിനസ് ആരംഭിക്കുന്നത്. പിന്നീട് ആ കമ്പനി ഞാൻ വാങ്ങി. പക്ഷെ മറക്കാനാകാത്ത ചില അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. ആദ്യ കാർ വാങ്ങാൻ ചെന്നപ്പോൾ മുഴുവൻ പണവും ഒന്നിച്ച് തന്നാൽ കാർ നൽകാമെന്ന പരിഹാസ വാക്കുകളാണ് സൗദി പൗരൻ പറഞ്ഞത്. അത്രയും പണം നൽകാൻ എനിക്ക് കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. എന്നാൽ അദ്ദേഹം പറഞ്ഞ തുക നൽകി ആ കാർ ഞാൻ വാങ്ങി. മറ്റൊരിക്കൽ ഒരു പ്രമുഖ കമ്പനിയിലെ പ്രോജക്ട് മാനേജർ എനിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചു. തുല്യരായവർക്കോ അതിന് മുകളിലുള്ളവർക്കോ മാത്രമേ താൻ ഹസ്തദാനം നൽകൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് ഞാൻ അദ്ദേഹത്തിന് എന്റെ കമ്പനിയിൽ ജോലി നൽകി.
? കേരളത്തിൽ ആർ.പി ഗ്രൂപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ.
കേരളത്തിൽ പുതിയ നിക്ഷേപം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു പുതിയ കൺവൻഷൻ സെന്ററിന്റെയും ഹോട്ടലിന്റെയും പ്രഖ്യാപനം വൈകാതെയുണ്ടാകും. രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുന്ന രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്.
? തുടക്കത്തിൽ പറഞ്ഞ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കു വന്നാൽ, താങ്കൾ വലിയ പ്രവാസി വ്യവസായി ആകുന്നതിന് മുമ്പുതന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നല്ലോ.
സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവർക്കു വേണ്ടിയും നല്ല കാര്യങ്ങൾ ചെയ്യണമന്നാണ് എന്റെ ആഗ്രഹം. അതിനു വേണ്ടിയാണ് 1985-ൽ ആർ.പി ഫൗണ്ടേഷന് തുടക്കമിട്ടത്. വീടില്ലാത്ത നിരവധി പേർക്ക് വീട് വച്ചു നൽകിയിട്ടുണ്ട്. രണ്ട് തവണയായി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ 209 പെൺകുട്ടികൾക്ക് രവി പിള്ള ഫൗണ്ടേഷൻ മംഗല്യ ഭാഗ്യമൊരുക്കി. താലിയും പത്തു പവന്റെ സ്വർണാഭരണങ്ങളും വിവാഹ പുടവയും നൽകിയാണ് ഈ പെൺകുട്ടികളെ ആർപി ഫൗണ്ടേഷൻ വിവാഹ മണ്ഡപത്തിലേക്ക് ആനയിച്ചത്.
സ്വന്തം മകളുടെ വിവാഹമെന്ന പോലെ ഞാനും കുടുംബവും മുന്നിൽ നിന്ന് വർണാഭമായിട്ടാണ് ചടങ്ങുകൾ നടത്തിയത്. രാജ്യവും നമ്മുടെ കേരളവും പ്രകൃതി ദുരന്തങ്ങളെ നേരിട്ടപ്പോഴും, കൊവിഡ് മഹാമാരി ഉണ്ടായപ്പോഴും സർക്കാരിനൊപ്പം ചേർന്നു നിന്ന് അവരെ സഹായിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിലടക്കം ഇത് ചെയ്തു. കടമയായി കണ്ടാണ് ഇത്തരം സന്ദർഭങ്ങളിൽ സഹായം എത്തിക്കുന്നത്.
? മക്കൾ ആർ.പി ഗ്രൂപ്പിന്റെ ഭാഗമാണോ.
എന്നെക്കാൾ മിടുക്കരാണ് മകനും മകളും. രണ്ടുപേരും ഭാര്യയും ആർ.പി ഗ്രൂപ്പിന്റെ ഭാഗമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും എന്നെക്കാൾ തത്പരരാണ് മൂന്നു പേരും. വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അവർ പ്രാപ്തരാണ്.
? താങ്കൾ വലിയ ദൈവ വിശ്വാസിയാണെന്ന് കേട്ടിട്ടുണ്ട്. ഇതുവരെയുള്ള വളർച്ചയ്ക്ക് ആർക്കാണ് നന്ദി പറയുന്നത്.
ഞാനൊരു ഈശ്വര വിശ്വാസിയാണ്. എല്ലാ വർഷവും മുടങ്ങാതെ തിരുപ്പതി ദർശനം നടത്താറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ഗുരുവായൂരിലും ദർശനം നടത്തും. മുംബയിലുള്ളപ്പോൾ മാഹിമിലെ വിശുദ്ധ മൈക്കിളിന്റെ പള്ളിയിലും മുസ്ലീം പള്ളികളിലും പോകാറുണ്ട്. സത്യസന്ധതയും ഈശ്വരന്റെ അനുഗ്രഹവുമാണ് എന്നെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ആർ.പി ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് ഞാൻ നന്ദി പറയുക ഈശ്വരനോടും കാലങ്ങളായി ആത്മാർത്ഥതയോടെ ഒപ്പം നിന്ന എന്റെ ജീവനക്കാരോടും എന്റെ കുടുംബത്തോടുമാണ്.
ആദ്യം ഹോംവർക്ക്,
പിന്നെ ബിസിനസ്
? ഗൾഫിൽ മാത്രമല്ല, കേരളത്തിലും ആർ.പി ഗ്രൂപ്പിന് നിക്ഷേപമുണ്ട്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായെന്ന് അനുഭവത്തിൽ നിന്ന് തോന്നിയിട്ടുണ്ടോ.
തീർച്ചയായും. കേരളം നിക്ഷേപകരെ ആകർഷിക്കുന്നതിൽ വലിയ മാറ്റം കൈവരിച്ചിട്ടുണ്ട്. ഒരുകാലത്ത് പല കാരണങ്ങൾകൊണ്ടും കേരളത്തിൽ നിക്ഷേപിക്കാൻ വ്യവസായികൾ മടിച്ചു നിന്നിട്ടുണ്ട്. ഇന്ന് ആ കാലാവസ്ഥ മാറി. പക്ഷെ ഇനിയും മെച്ചപ്പെടാനുണ്ട്.
? ഏതൊക്കെ മേഖലകളിലാണ് കേരളം മെച്ചപ്പെടേണ്ടത്.
ഒരു സംരംഭം തുടങ്ങാനുള്ള എല്ലാ സാഹചര്യവും ഇന്ന് നമ്മുടെ സംസ്ഥാനത്തുണ്ട്. വൈദ്യുതി ലഭ്യതയോ സ്ഥലം കണ്ടെത്തുന്നതോ ഇന്ന് കേരളത്തിൽ പ്രതിസന്ധിയല്ല. ആ കാലഘട്ടം നമ്മൾ തരണം ചെയ്തു. പക്ഷെ, ചിലപ്പോഴെങ്കിലും അനുമതികൾക്ക് കാലതാമസം നേരിടുന്നു. അപേക്ഷകൾ നൂലാമാലകളിൽ കുടുങ്ങുന്നത് മാറണം.
? കേരളത്തിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുള്ള ഉപദേശം എന്താണ്.
പ്രോജക്ടുകളുടെ മാത്രം ബലത്തിൽ ബിസിനസ് ചെയ്യാൻ ഇറങ്ങരുത്. കാരണം ഒരു സംസ്ഥാനത്ത് വിജയിക്കുന്ന പ്രോജക്ട് മറ്റൊരു സംസ്ഥാനത്ത് വിജയിക്കണമെന്നില്ല. ബിസിനസ് സാഹചര്യം ഓരോ ദിവസവും മാറുകയാണ്. അതുകൊണ്ട് ബിസിനസിന് ഇറങ്ങുന്നതിനു മുമ്പ് അതിനെക്കുറിച്ച് നന്നായി പഠിക്കണം. ആ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം തേടണം. അതിനു ശേഷം മാത്രമേ ബിസിനസ് തുടങ്ങാവൂ. കേരളത്തിൽ മാത്രമല്ല എവിടെ ബിസിനസ് ചെയ്യാൻ തീരുമാനിച്ചാലും ഇതൊക്കെ ബാധകമാണ്.
ആർ.പി ഫൗണ്ടേഷൻ
സ്കോളർഷിപ്പിന്
525 കോടി
നോർക്ക റൂട്സുമായി ചേർന്ന് ആർ.പി ഫൗണ്ടേഷൻ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്കായി അടുത്ത അമ്പത് വർഷത്തേക്ക് നീക്കിവച്ചിരിക്കുന്നത് 525 കോടി രൂപയാണ്! വിദ്യാർത്ഥികളോട് എന്നും പുലർത്തുന്ന കരുതലിനെക്കുറിച്ച് ആർ.പി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള പറയുന്നു:
വിദ്യാർത്ഥികളാണ് ഏത് സമൂഹത്തിന്റെയും ഭാവി. അവരുടെ ഭാവി ഭദ്രമായാൽ അത് രാജ്യത്തിന്റെ ഭാവി ഭദ്രമാക്കും. അതുകൊണ്ടാണ് വിദ്യാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ കരുതൽ. അടുത്ത 50 വർഷം നീണ്ടു നിൽക്കുന്ന സ്കോളർഷിപ്പാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്ട്സുമായി ചേർന്നാണ് ആർ.പി ഫൗണ്ടേഷൻ അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് നടപ്പിലാക്കുന്നത്. സുതാര്യത ഉറപ്പാക്കാൻ സ്കോളർഷിപ്പിന് യോഗ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല നോർക്ക റൂട്ട്സിനാണ്. അതിൽ ഫൗണ്ടേഷന് ഒരു റോളുമില്ല. സെക്കണ്ടറി തലത്തിൽ 1100 വിദ്യാർത്ഥികൾക്ക് 50,000 രൂപ, ബിരുദതലത്തിൽ 200 വിദ്യാർത്ഥികൾക്ക് 100,000 രൂപ, ബിരുദാനന്തര ബിരുദതലത്തിൽ 200 വിദ്യാർത്ഥികൾക്ക് 1,25,000 രൂപ എന്നിങ്ങനെയാണ് നൽകുന്നത്.