പയ്യന്നൂർ സി.പി.എമ്മിൽ ബാനർ യുദ്ധം
കണ്ണൂർ: പയ്യന്നൂരിൽ സി.പി.എമ്മിനുള്ളിലെ വിഭാഗീയ സംഘർഷം പരസ്യമായി പുറത്തുവരുന്നതിന്റെ ഭാഗമായി പ്രദേശത്ത് വീണ്ടും ബാനറുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പുതുതായി 'ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം -പയ്യന്നൂർ സഖാക്കൾ' എന്ന വാചകമുള്ള വലിയ ബാനർ തായിനേരി കുറിഞ്ഞി റോഡിലെ സൂര്യൻ മുക്കിൽ റോഡിന് കുറുകെ വലിച്ചുകെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാർട്ടി നേതൃത്വത്തിനെതിരെ 'കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല' എന്ന വാചകമുള്ള പോസ്റ്റർ കാരയിലെ സഖാക്കൾ എന്ന പേരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് പിന്നീട് അഴിച്ചുമാറ്റി. ഇന്നലെ സ്ഥാപിച്ച ബാനർ വിമത പക്ഷത്തിനെതിരെ ഔദ്യോഗിക പക്ഷം സ്ഥാപിച്ചതാണെന്നാണ് സൂചന. പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ 13 മുതൽ 16 വരെ മണ്ഡലത്തിൽ വികസന മുന്നേറ്റ ജാഥ നടത്തുന്നുണ്ട്. ജാഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പയ്യന്നൂരിൽ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
വിഭാഗീയത രൂക്ഷം വിഭാഗീയ പ്രശ്നം നിലനിൽക്കുന്ന പയ്യന്നൂർ കാരയിൽ പാർട്ടി അനുനയ നീക്കം നടത്തിയെങ്കിലും വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തോടെ സ്ഥിതി കൂടുതൽ വഷളായി. കാരയിലെ പാർട്ടി അനുഭാവികൾ വി. കുഞ്ഞികൃഷ്ണന് പിന്തുണ നൽകുന്നുണ്ട്. 'കാരയിലെ സഖാക്കൾ' എന്ന ഫെയ്സ്ബുക്ക് പേജിലൂടെയും പാർട്ടി നേതൃത്വത്തിനെതിരെ പ്രചാരണം തുടരുകയാണ്. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ കാരയിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തിരുന്നു. പാർട്ടിയുടെ ഇരട്ടത്താപ്പും അഴിമതിയും ആരോപിച്ച് കുഞ്ഞികൃഷ്ണൻ പുറത്തിറക്കിയ പുസ്തകം പ്രാദേശിക തലത്തിൽ വൻ വിവാദമായിരുന്നു.