പൈലറ്റ് മദ്യപിച്ചിരുന്നു? 'ദാദ എല്ലാം ശ്രദ്ധിക്കുന്ന ആള്‍, ബരാമതി വിമാന അപകടത്തില്‍ അടിമുടി ദുരൂഹത'

Tuesday 10 February 2026 9:06 PM IST

മുംബയ്: എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ മരണത്തില്‍ സംശയങ്ങളുമായി കുടുംബം. അപകടത്തില്‍ അടിമുടി ദുരൂഹതകളുണ്ടെന്നും ചില സംശയങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ ആഗ്രഹിക്കുകയാണെന്നും അജിത് പവാറിന്റെ അനന്തിരവന്‍ രോഹിത് പവാര്‍ വെളിപ്പെടുത്തി. വിമാനത്തില്‍ അധിക ഇന്ധനം നിറച്ചിരുന്നുവെന്നും പൈലറ്റിന്റെ ആള്‍ക്കഹോള്‍ ടെസ്റ്റ് പോസിറ്റീവ് ആയിരുന്നുവെന്നും രോഹിത് ആരോപിക്കുന്നു. അപകടത്തില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

വിമാനത്തില്‍ അധിക ഫ്യുവല്‍ ടാങ്ക് സ്ഥാപിച്ചിരുന്നോ എന്ന് അറിയാനായി സിസിടിവി പരിശോധിക്കണം. അധിക ടാങ്ക് ഘടിപ്പിക്കുന്നതിലൂടെ ഒരു ബോംബിന് തുല്യമായ സാഹചര്യമാണ് വിമാനത്തില്‍ സൃഷ്ടിക്കപ്പെട്ടത്. എന്തുകൊണ്ടാണ് വിമാനം അധിക റൗണ്ടുകള്‍ പറപ്പിക്കാതിരുന്നത്. ലാന്‍ഡ് ചെയ്യുന്നതിന് മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലേ, തുടങ്ങിയ ചോദ്യങ്ങളാണ് രോഹിത് ചോദിക്കുന്നത്. വിമാനയാത്രയുടെ കാര്യത്തില്‍ ദാദ കൃത്യമായി ശ്രദ്ധിച്ചിരുന്നു. കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയിട്ടും വൈകിയാണ് വിമാനം പുറപ്പെട്ടതെന്നും രോഹിത് ആരോപിക്കുന്നു.

'യാത്രാപരിപാടിയില്‍ മാറ്റം വരുത്തിയത് എന്തിനായിരുന്നു? ജനുവരി 27-ന് വൈകുന്നേരം മുംബയില്‍ നിന്ന് പൂനെയിലേക്ക് പോകാനായിരുന്നു ദാദ തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹവും തയ്യാറായിരുന്നു. ഒരു ഉന്നത നേതാവ് അദ്ദേഹത്തെ കാണാനെത്തി. അതിനാല്‍ യാത്ര വൈകി. തുടര്‍ന്ന് പദ്ധതി മാറ്റി, 28-ന് രാവിലെ യാത്ര ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നുവെന്ന് രോഹിത് പവാര്‍ പറഞ്ഞു. 28ന് രാവിലെയാണ് യാത്ര തിരിച്ചത്. ബരാമതി വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെയാണ് വിമാനം തകര്‍ന്ന് വീണ് അജിത് പവാര്‍ ഉള്‍പ്പെടെ എല്ലാവരും കൊല്ലപ്പെട്ടത്.