വെങ്കടേഷ് ചിത്രത്തിൽ കീർത്തിയും പൂജ ഹെഗ്ഡെയും ആഷികയും

Wednesday 11 February 2026 6:30 AM IST

വെങ്കടേഷ് നായകനായി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാരായി കീർത്തി സുരേഷ്, പൂജ ഹെഗ്‌ഡെ, ആഷിക രംഗനാഥ് . വിജയ് ദേവരകൊണ്ട നായകനായ റൗഡി ജനാർദ്ദനയിൽ അഭിനയിക്കുകയാണ് കീർത്തി സുരേഷ്. മികച്ച നടിക്കുള്ള ദേശീയ അംഗീകാരം കീർത്തി സുരേഷിന് സമ്മാനിച്ചത് മഹാനടി എന്ന തെലുങ്ക് ചിത്രം ആണ്. ദുൽഖർ സൽമാൻ നായകനായി നാഗ്‌ അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ സാവിത്രി എന്ന കഥാപാത്രമായാണ് വേഷമിട്ടത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ എത്തിയ കൽക്കി 2898 എഡിയിൽ അതിഥി വേഷത്തിൽ കീർത്തി എത്തിയിരുന്നു. തെലുങ്ക് ആരാധകരുടെ പ്രിയതാരം ആണ് കീർത്തി സുരേഷ്. അതേസമയം ദുൽഖർ സൽമാന്റെ പേരിടാത്ത തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് പൂജ ഹെഗ്‌ഡെ. രാഘവ ലോറൻസിന്റെ കാഞ്ചന 4 ൽ നായികമാരിൽ ഒരാളാണ് . രജനികാന്തിന്റെ - ലോകേഷ് കനകരാജ് ചിത്രത്തിൽ 'മോണിക്ക" എന്ന ഡാൻസ് നമ്പരുമായി എത്തി സാക്ഷാൽ മോണിക്ക ബെലൂച്ചിയുടെ ശ്രദ്ധയിൽ പോലും ഇടം പിടിച്ചു പൂജ. വിജയ് നായകനായി റിലീസിന് ഒരുങ്ങുന്ന ജനനായകനിൽ പൂജ ആണ് നായിക. ആഷിക രംഗനാഥ് തെലുങ്കിൽ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം ആണിത്. ചിരഞ്ജീവിയുടെ

വിശ്വംഭര ആണ് രണ്ടാമത്തെ തെലുങ്ക് ചിത്രം. തമിഴിൽ കാർത്തിയുടെ സർദാർ 2വിലും അഭിനയിക്കുന്നുണ്ട്. വെങ്കടേഷ് - അനിൽ രവിപുടി ചിത്രത്തിൽ പ്രധാന വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നുണ്ട്. തെലുങ്കിൽ ഫഹദ് അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം ആണ്.