"എൻ.എസ്.എസിന് അവരുടേതായ അജണ്ടകളുണ്ട്", ജാതി പറഞ്ഞുള്ള വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്ന് വെള്ളാപ്പള്ളി

Thursday 17 October 2019 2:50 PM IST

ആലപ്പുഴ: രാഷ്ട്രീയത്തിൽ ചിലരെല്ലാം മാടമ്പിത്തരം കാണിക്കുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറ‌ഞ്ഞു. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ഇതെല്ലാവരും എല്ലാകാലത്തും സഹിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ എൻ.എസ്.എസ് നേതൃത്വത്തിന് വളരെ കാടത്തപരമായ ചിന്തയാണെന്നും ഈഴവ സമുദായത്തോട് അവഗണനകാണിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായി ഏത് ഈഴവൻ വന്നിട്ടുണ്ടെങ്കിലും അവരെ തേജോവധം ചെയ്യുന്ന ശെെലിയാണ് എൻ.എസ്.എസിനെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

"ജാതി നോക്കിയാണ് ഇവർ പറയുന്നത്. എൻ.എസ്.എസിന് അവരുടേതായ അജണ്ടകളുണ്ട്. എന്തും പറയാം ആരുടെ തലയിലും കേറാം എന്ന വിചാരമാണ് എൻ.എസ്.എസിന്. എവിടെയും ഈഴവനെ തകർക്കുകയാണ്. സവർണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ഇവർ ഇപ്പൊഴേ തുടങ്ങി. ഈഴവ വിരോധിയാണ് സുകുമാരൻനായരെന്നും, യു.ഡി.എഫ് പക്ഷം പിടിച്ച് ചിലർ എട്ടുകാലി മമ്മൂഞ്ഞുകളാവുന്നെ"ന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം, യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പരസ്യ പ്രചാരണത്തിനിറങ്ങിയ എൻ.എസ്.എസ് നിലപാടിനെതിരെ ബി.ജെ.പി നേതാവും നേമം എം.എൽ.എയുമായ ഒ.രാജഗോപാൽ രംഗത്തെത്തി. ജാതി-മത സംഘടനകൾ ഒരു പാർട്ടിക്ക് മാത്രം വോട്ടഭ്യത്ഥിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനവർക്ക് അവകാശമില്ലെന്നും രാജഗോപാല്‍ പറഞ്ഞു.