120 എം.പിമാർ ഒപ്പുവച്ചു, ലോക്‌സഭാ സ്‌പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്
ന്യൂഡൽഹി: പക്ഷപാതപരമായ നടപടികൾ ആരോപിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് അവിശ്വാസപ്രമേയ നോട്ടീസ് സമർപ്പിച്ച് പ്രതിപക്ഷം.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ അനുവദിക്കാത്തതടക്കം നാല് ആരോപണങ്ങളിൻമേൽ ബിർളയ്‌ക്കെതിരെ 120 എം.പിമാർ അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടു. കോൺഗ്രസ് എം.പിമാരായ ഗൗരവ് ഗൊഗോയ്, കൊടിക്കുന്നിൽ സുരേഷ്, മുഹമ്മദ് ജാവേദ് എന്നിവരുടെ നേതൃത്വത്തിൽ ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗിന് നോട്ടീസ് സമർപ്പിച്ചു.
ചട്ടം 94(സി) പ്രകാരം സ്‌പീക്കർക്കെതിരായ പ്രമേയം ഡെപ്യൂട്ടി സ്‌പീക്കറാണ് സ്വീകരിക്കേണ്ടത്. നിലവിലെ സഭയിൽ ആ പദവിയിൽ ആളില്ലാത്തതിനാലാണ് സെക്രട്ടറി ജനറലിന് നൽകിയത്. ഉചിത തീരുമാനമെടുക്കാൻ സ്‌പീക്കർ സെക്രട്ടറി ജനറലിന് നിർദ്ദേശം നൽകി. സ്‌പീക്കർക്ക് മറുപടി നൽകാൻ രണ്ടുദിവസം കൂടി നൽകണമെന്ന് വാദിച്ച തൃണമൂൽ ഒഴികെയുള്ള പ്രതിപക്ഷം പ്രമേയത്തിൽ ഒറ്റക്കെട്ടാണ്. സഭാദ്ധ്യക്ഷനെ നീക്കം ചെയ്യാനുള്ള പ്രമേയത്തിൽ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടാവരുതെന്നതിനാൽ രാഹുൽ ഗാന്ധി ഒപ്പിട്ടില്ല.
14 ദിവസത്തിന് ശേഷം
ഒപ്പ് പരിശോധന, പ്രമേയത്തിന്റെ ഉള്ളടക്കം വിലയിരുത്തൽ തുടങ്ങിയ നടപടിക്രമങ്ങളുള്ളതിനാൽ പ്രമേയം സഭയിലെത്താൻ 14 ദിവസമെടുക്കും. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം 12ന് സമാപിക്കുന്നതിനാൽ മാർച്ചിൽ രണ്ടാം ഘട്ടത്തിലേ പ്രമേയം പരിഗണിക്കാനിടയുള്ളൂ. സഭയിൽ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തിന് ശബ്‌ദ വോട്ടോടെ തള്ളാനുമാകും. എൻ.ഡി.എ സർക്കാരിൽ അവിശ്വാസ പ്രമേയം നേരിടുന്ന ആദ്യ സ്‌പീക്കറാണ് ബിർള.
ആരോപണങ്ങൾ:
രാഹുലിന്റെ പ്രസംഗം തടഞ്ഞു
പ്രതിഷേധിച്ച എട്ട് എം.പിമാരെ സസ്‌പെൻഡ് ചെയ്‌തു
വനിതാ എം.പിമാർ പ്രധാനമന്ത്രിയെ ഖരാവോ ചെയ്യാൻ പദ്ധതിയിട്ടെന്ന് ആരോപിച്ചു
മുൻ പ്രധാനമന്ത്രിമാർക്കെതിരെ ആരോപണമുന്നിച്ച ബി.ജെ.പി എം.പി നിഷികാന്ത് ദുബേയെ സസ്‌പെൻഡ് ചെയ്‌തില്ല
വിട്ടുനിന്ന് സ്‌പീക്കർ
അവിശ്വാസപ്രമേയ നീക്കമുള്ളതിനാൽ ഇന്നലെ സ്‌പീക്കർ സഭയിലെത്തിയില്ല. ഇന്നലെ ബഡ്‌ജറ്റ് ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറായ പ്രതിപക്ഷ എം.പിമാരുടെ സസ്‌പെൻഷൻ പിൻവലിച്ച് അനുനയിപ്പിച്ചാൽ സ്‌പീക്കർ വിഷയവും ഒത്തുതീരും. തീരുമാനമാകും വരെ വിട്ടുനിന്നേക്കുമെന്നാണ് സൂചന.
അവിശ്വാസം നേരിട്ട സ്‌പീക്കർമാർ:
1954: ആദ്യ സ്‌പീക്കർ ജി.വി മാവ്‌ലങ്കർ(കോൺഗ്രസ്)
1966: സ്പീക്കർ സർദാർ ഹുകും സിംഗ്(കോൺഗ്രസ്)
1987: ബൽറാം ജാക്കർ (കോൺഗ്രസ്)
രാജ്യസഭയിൽ: 2024- അന്നത്തെ രാജ്യസഭാദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം മേൽനടപടിയില്ലാതെ ഉപാദ്ധ്യക്ഷൻ ഹരിവംശ് തള്ളി