അജിത് പവാറിന്റെ മരണം, അട്ടിമറി സംശയം ഉന്നയിച്ച് അനന്തരവൻ

Wednesday 11 February 2026 3:04 AM IST

മുംബയ്: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാർ മരിക്കാനിടയായ വിമാനാപകടത്തിനുപിന്നിൽ

സംശയമുന്നയിച്ച് അദ്ദേഹത്തിന്റെ അനന്തരവനും എൻ.സി.പി (എസ്. പി) എം.എൽ.എയുമായ രോഹിത് പവാർ. അട്ടിമറിയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും അതിന് വ്യോമയാന ഏജൻസികളുടെ പങ്കാളിത്തം കൂടിയുണ്ടാവണമെന്നും ആവശ്യപ്പെട്ടു. അപകടം നടന്ന ബരാമതിയിലെ റൺവേ 29 സുരക്ഷിതമാണ്. ഇവിടെ ലാൻഡ് ചെയ്യാൻ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും പൈലറ്റ് റൺവേ 11നായി നിർബന്ധം പിടിച്ചു. വിമാനത്തിൽ കൂടുതൽ ഇന്ധന ടാങ്കുകൾ ശേഖരിച്ച് ബോംബിന് സമാനമാക്കി. ഇതാണ് പലവട്ടം വിമാനം പൊട്ടിത്തെറിക്കാനിടയായത്. വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ ഒരു മിനിട്ട് മുമ്പ് ഓഫ് ചെയ്തു. വാണിംഗ് സിസ്റ്റം പ്രവർത്തിച്ചില്ല. 'മെയ് ഡേ" സന്ദേശമുണ്ടാകാതിരുന്നത് സംശയം വർദ്ധിപ്പിക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു. അവസാന നിമിഷം പൈലറ്റിനെ മാറ്റിയതിലും സംശയം ഉന്നയിച്ചു. സംസ്ഥാന സി.ഐ.ഡിക്ക് പരിമിതികളുണ്ട്. മുംബയ് വിമാനത്താവളത്തിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉന്നത നേതാവ്

ഇടപെട്ടോ?

 അപകടമാണോ മറ്റെന്തെങ്കിലുമാണോ എന്ന ചോദ്യം എല്ലാവരുടെയും ഉള്ളിലുണ്ട്

 ഇന്ധനം ലാഭിക്കാൻ പൈലറ്റിനോട് നിർദ്ദേശിച്ചിരുന്നോ, അവരെന്തുകൊണ്ട് മറ്റൊരു പാത തിരഞ്ഞെടുത്തില്ല,

 ലാൻഡിംഗിന് മറ്റൊരു ബദൽ മാർഗമുണ്ടായിരുന്നോ

 എന്തുകൊണ്ടാണ് യാത്രയുടെ ഷെഡ്യൂൾ മാറ്റിയത്? ജനുവരി 27ന് വൈകിട്ട് പൂനെയിലേക്ക് പുറപ്പെടേണ്ടതായിരുന്നു

ഒരു ഉന്നത നേതാവ് അദ്ദേഹത്തെ കണ്ടു. അദ്ദേഹം വൈകി. അതിനാൽ പദ്ധതി മാറ്റി. 28ന് രാവിലെ യാത്ര തീരുമാനിച്ചു

 അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഏജൻസികൾക്ക് പുറമേ മറ്റ് ഏജൻസികളും തയാറാകണം