മിലിട്ടറി നഴ്സിംഗ് ഓഫീസർമാരും വിമുക്ത ഭടൻമാർ

Wednesday 11 February 2026 1:04 AM IST

ന്യൂഡൽഹി: സായുധ സേനകളിൽ വിവിധ റാങ്കുകളിൽ സേവനമനുഷ്‌ഠിച്ച മിലിട്ടറി നഴ്സിംഗ് സർവീസിലെ (എം.എൻ.എസ്) ഓഫീസർമാർക്ക് മുൻ സൈനികർ (ഇ.എസ്.എം) അഥവാ 'വിമുക്ത ഭടൻ" പദവി പുനഃസ്ഥാപിച്ചു. ഇതോടെ കമ്മിഷൻഡ് ഓഫീസർമാരായ എം.എൻ.എസ് ഉദ്യോഗസ്ഥർക്ക് മറ്റ് വിമുക്തഭടന്മാരെപ്പോലെ പുനർനിയമന ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും.

കേന്ദ്ര സർക്കാർ തസ്തികകളിൽ ഗ്രൂപ്പ് സിയിൽ 10 ശതമാനവും ഗ്രൂപ്പ് ഡിയിൽ 20 ശതമാനവും തൊഴിൽ സംവരണവും സിവിൽ ജോലികളിൽ പ്രായ പരിധിയിൽ ഇളവും യു.പി.എസ്.സി, എസ്.എസ്.സി ജോലികളിലൽ പരിഗണനയും ലഭിക്കും. കേന്ദ്രീയ സൈനിക് ബോർഡ് (കെ.എസ്.ബി) മുമ്പ് എം.എൻ.എസ് ഓഫീസർമാർക്കുള്ള പദവി പിൻവലിച്ചതോടെ വിമുക്ത ഭടൻമാർക്കുള്ള ആനുകൂല്യങ്ങൾ നഷ്ടമായിരുന്നു.

എം.എൻ.എസ് വെറ്ററൻ ഓഫീസേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. തുല്യ അവകാശങ്ങൾക്കും അംഗീകാരത്തിനും വേണ്ടിയുള്ള എം.എൻ.എസ് ഓഫീസർമാർ നേടിയ സുപ്രധാന വിജയമാണ് സർക്കാർ തീരുമാനമെന്ന് അസോസിയേഷൻ അറിയിച്ചു.