ചൂട് കടുത്തതോടെ കണ്ണീരിലായി കർഷകർ

Wednesday 11 February 2026 1:36 AM IST

പാലോട്: ചൂട് കൂടിയതോടെ നൂറുമേനി വിളവ് സ്വപ്നം കണ്ട പെരിങ്ങമ്മല പാടശേഖര സമിതിയിലെ കർഷകർ ദുരിതത്തിൽ. കുംഭമാസ വരവിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പകുതിയിലധികം വയലുകളും കരിഞ്ഞുണങ്ങി. കൃഷിയാവശ്യത്തിനായി ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ഏലാതലക്കുളം കാഴ്ചയായ അവസ്ഥയാണ്. ഇതിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും വയലിലെത്തുന്നില്ല. കൈത്തോടുകളിലൂടെ ഒഴുകുന്ന ചെറിയ നീരൊഴുക്കിനെ പാടത്തെത്തിക്കാൻ കഷ്ടപ്പെടുകയാണ് കർഷകർ.പെരിങ്ങമ്മല കട്ടയ്ക്കാൽ മുതൽ പ്ലാമൂട് പുള്ളിപച്ച വരെയുള്ള ഏലായാണ് പെരിങ്ങമ്മല പാടശേഖരം.നിലവിൽ നാല്പതോളം കർഷകർ മാത്രമാണ് ഇവിടെ കൃഷി ചെയ്യുന്നത്.സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള സഹായങ്ങളൊന്നും ഇവർക്ക് ലഭിച്ചിട്ടില്ല.

വന്യമൃഗശല്യം രൂക്ഷം

ജലക്ഷാമം രൂക്ഷമായപ്പോഴും വിവിധ മാർഗങ്ങളിലൂടെ ജലമെത്തിച്ച് കൃഷി ചെയ്യുമ്പോഴും അത് കാട്ടുപന്നികൾ നശിപ്പിക്കുകയാണ് പതിവ്. ബിജുകുമാർ,സത്യകുമാർ, കൃഷ്ണൻ നായർ,ആൽഫ സെബാസ്ത്യൻ,വിനോദ് രവീന്ദ്രൻ തുടങ്ങി പത്തോളം കർഷകരാണ് പാടശേഖരത്തിൽ കൃഷിയിറക്കിയത്. ഇവരുടെ കൃഷിയിടങ്ങളിൽ കർഷകർ ഊഴം അനുസരിച്ച് രാത്രി കാവൽ ഇരിക്കുമെങ്കിലും പുലർച്ചെ ഇവർ വീടുകളിലേക്ക് മടങ്ങുമ്പോൾ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ നെൽപ്പാടം നശിപ്പിക്കും.

പാടത്ത് സംരക്ഷണവേലിയും വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി സൗരവേലിയും സ്ഥാപിക്കണമെന്ന ആവശ്യവുമായി ത്രിതല പഞ്ചായത്ത് അധികാരികൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് പാടശേഖര സമിതി.

ജലമെത്തിക്കണം

വയലിലേക്കുള്ള ആവശ്യത്തിന് കുളം നിർമ്മിച്ചെങ്കിലും മോട്ടോർ സ്ഥാപിക്കാത്തതിനാൽ വെള്ളമെടുക്കാൻ കഴിയില്ല.മോട്ടോർ സ്ഥാപിച്ച് വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

യന്ത്രങ്ങൾ വേണം

പെരിങ്ങമ്മല പാടശേഖരത്തിനായി ആധുനിക രീതിയിലുള്ള കാർഷിക ഉപകരണങ്ങൾ വാങ്ങി നൽകണം. 95ലക്ഷം രൂപയോളം ചെലവഴിച്ച് വാങ്ങിയ കാർഷിക ഉപകരണങ്ങൾ പല സ്ഥലങ്ങളിലായി തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.