ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ
അമ്പലപ്പുഴ: മകനൊപ്പം രാസലഹരിയുമായി പിടിയിലായി റിമാൻഡിലായശേഷം ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് 3-ാം വാർഡ് കരൂർ കൗസല്യ നിവാസിൽ അഡ്വ. സത്യമോളാണ് (46) മരിച്ചത്. ഇന്നലെ മകൻ സൗരവ് ജിത്താണ് മൃതദേഹം കണ്ടത്. കരുനാഗപ്പള്ളി ഫാമിലി കോടതിയിൽ അഭിഭാഷകയായിരുന്നു. പരേതനായ ഷിബുവാണ് ഭർത്താവ്. അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ താമസം.
കഴിഞ്ഞ ഒക്ടോബർ 12ന് കാറിൽ സഞ്ചരിക്കുന്നതിനിടെ പറവൂർ ജംഗ്ഷനിൽ വച്ചാണ് സത്യമോളെയും 18കാരനായ സൗരവ് ജിത്തിനെയും പൊലീസും എക്സൈസും ചേർന്ന് പിടികൂടിയത്. തുടർന്ന് റിമാൻഡിലായ ഇരുവരും ഒരുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വീട്ടിൽ അമ്പലപ്പുഴ പൊലീസ് നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എം.ഡി.എം.എ, 40ഗ്രാം കഞ്ചാവ്, 2 ഗ്രാം ഹൈബ്രീഡ് കഞ്ചാവ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒ.സി.ബി പേപ്പർ എന്നിവ പിടികൂടിയിരുന്നു. കഞ്ചാവ് വലിക്കാൻ വീട്ടിൽ പ്രത്യേക സ്ഥലവും ഒരുക്കിയിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയും മകനും പിടിയിലായത്.
എറണാകുളത്തുനിന്ന് ലഹരി വസ്തുക്കൾ വാങ്ങി നാട്ടിലെത്തിച്ച് വിറ്റ് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാറിൽ വക്കീലിന്റെ സ്റ്റിക്കർ പതിച്ചാണ് പരിശോധനകളിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷവും ഇവരുടെ വീട്ടിൽ മയക്കുമരുന്ന് വില്പന നടന്നിരുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന് കഴിഞ്ഞദിവസവും പൊലീസ് പരിശോധന നടത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.