ഈ ജില്ലയിൽ ജോലിക്കെത്തുന്ന ഭായിമാർക്കിടയിൽ വ്യാപകം, രണ്ട് മാസത്തിനിടെ എടുത്തത് 15 കേസുകൾ
തിരൂർ: തിരൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ തിരൂർ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കാർത്തികേയന്റ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വീണ്ടും കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം ഒന്നര കിലോ കഞ്ചാവുമായി പിടികൂടി റിമാൻഡിൽ കഴിയുന്ന അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന വൈലത്തൂരിലെ ക്യാമ്പിൽ നിന്നാണ് 11 കിലോ കഞ്ചാവ് പരിശോധനയിൽ പിടികൂടിയത്.
സംഭവത്തിൽ പശ്ചിമബംഗാൾ സൗത്ത് 24 പാർഗാസ് ജില്ലയിലെ അത്തോറോബൻ ഗാബൂണി സ്വദേശി അഹൂദ് അലിഖാസിക്കെതിരെ വീണ്ടും കേസെടുത്തു . ഈ കേസിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നും തിങ്കളാഴ്ച രാത്രിയിൽ കഞ്ചാവ് പിടികൂടിയത്.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ 15 ഓളം കേസുകളിലായി 30 കിലോയോളം കഞ്ചാവാണ് തിരൂരിനും പരിസരപ്രദേശങ്ങളിൽ നിന്നും എക്‌സൈസ് പിടികൂടിയത്.
റെയ്ഡിൽ ഇൻസ്‌പെക്ടർക്കു പുറമേ അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം.പി. മുഹമ്മദലി, പ്രഗേഷ് , പ്രിവന്റീവ് ഓഫീസർ കെ. മുഹമ്മദലി സിവിൽ എക്‌സൈസ് ഓഫീസർ കണ്ണൻ എന്നിവർ പങ്കെടുത്തു