 വ്യാപാര കരാറിൽ ഒപ്പുവച്ചു ബംഗ്ലാദേശിനുള്ള തീരുവ 19 % ആയി കുറച്ച് യു.എസ്

Wednesday 11 February 2026 2:10 AM IST

ധാക്ക: ബംഗ്ലാദേശുമായി വ്യാപാരക്കരാറിൽ ഒപ്പുവച്ച് യു.എസ്. കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ നടന്ന ചടങ്ങിലാണ് യു. എസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും ബംഗ്ലാദേശ് ഉപദേഷ്ടാവ് ഷെയ്ഖ് ബഷീർ ഉദ്ദീനും ഒപ്പുവച്ചത്. കൂടാതെ ബംഗ്ലാദേശിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കുള്ള തീരുവ 19 ശതമാനമായി യു.എസ് കുറച്ചു. യു.എസിൽ നിന്നുള്ള പരുത്തി, സിന്തറ്റിക് ഫൈബർ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന തുണിത്തരങ്ങൾ ഉൾപ്പടെയുള്ളവയെ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബംഗ്ലാദേശ് ഇടക്കാല സർക്കാരാണ് കരാർ വിവരങ്ങൾ പങ്കുവെച്ചത്.ഒമ്പത് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാറിന് ധാരണയായത്. നേരത്തെ 37 ശതമാനം തീരുവ 20 ശതമാനമായി വെട്ടിക്കുറച്ചിരുന്നു.ഇതാണ് ഇപ്പോൾ 19 ശതമാനമായി കുറച്ചത്.

ബംഗ്ലാദേശിന്റെ സമ്പദ്ഘടനയിൽ വലിയ പങ്കുള്ള ടെക്‌സ്റ്റൈൽ മേഖലയ്ക്ക് ലഭിച്ച നികുതിയിളവ് നിർണായകമാണ്. ബംഗ്ലാദേശ് ടെക്‌സ്റ്റൈൽ ഉത്പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് യു.എസ്. ബംഗ്ലാദേശിന്റെ ഫാർമ,മത്സ്യ ഉത്പ്പന്നങ്ങൾക്ക് യു.എസിൽ തീരുവയില്ല.യു.എസിൽ നിന്ന് ഗോതമ്പ്, സോയാബീൻ, എൽ.എൻ.ജി എന്നിവ പൂജ്യം താരിഫിൽ വാങ്ങാൻ തീരുമാനമായിട്ടുണ്ട്. അടുത്തിടെ യു.എസ് കമ്പനിയായ ബോയിങിൽ നിന്ന് 25 എയർക്രാഫ്റ്റുകൾ വാങ്ങാൻ ബംഗ്ലാദേശ് ധാരണയിലെത്തിയിരുന്നു.

എക്സ്പോർട്ട് പ്രമോഷൻ ബ്യൂറോ നൽകുന്ന വിവരമനുസരിച്ച് യു.എസ് ആണ് ബംഗ്ലാദേശിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി. യു.എസ് വിപണിയിൽ ബംഗ്ലാദേശിന്റെ ഏറ്റവും അടുത്ത എതിരാളികളായ വിയറ്റ്നാമിന് 20 ശതമാനം താരിഫാണുള്ളത്.ആഗോള ടെക്‌സ്റ്റൈൽ ശൃംഖലയിൽ ബംഗ്ലാദേശിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ചുവടുവെപ്പാണ് കരാർ എന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു.വ്യാഴാഴ്ച ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കരാർ യാഥാർഥ്യമായിരിക്കുന്നത്.

ഇന്ത്യയെ ബാധിക്കുമോ

യു.എസ് - ബംഗ്ലാദേശ് വ്യാപാര കരാർ ഇന്ത്യൻ വസ്ത്ര കയറ്റുമതി മേഖലയെയും പരുത്തി കർഷകരെയും പ്രതിസന്ധിയിലാക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിൽനിന്ന് കയറ്റുമതി ചെയ്യുന്ന വസ്ത്രങ്ങൾക്ക് യു.എസിൽ നികുതിയില്ല. ഇന്ത്യൻ വസ്ത്രവ്യവസായത്തിനും ഇന്ത്യയിലെ പരുത്തി കർഷകർക്കും തിരിച്ചടിയായേക്കും.