ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഏഴ് മരണം
ഗാസ സിറ്റി: മാസങ്ങളായി തുടരുന്ന വെടിനിർത്തൽ കരാറിനെ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഏഴ് മരണം.കഴിഞ്ഞ ദിവസം പുലർച്ചെ ഗാസ സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് നിരവധി പാലസ്തീനികൾ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടുന്നതായി ഷിഫാ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ദക്ഷിണ ഗാസയിലെ റഫയിൽ തങ്ങളുടെ സൈനികർക്ക് നേരെ വെടിവെപ്പുണ്ടായെന്നും അതിനുള്ള തിരിച്ചടിയെന്നോണമാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം.എന്നാൽ സാധാരണക്കാരുടെ വീടുകളാണ് തകർക്കപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ചികിത്സയ്ക്കായി രോഗികളെ ഈജിപ്തിലേക്ക് കൊണ്ടുപോകുന്ന റഫ അതിർത്തി കടക്കുന്നതിനും ഇസ്രയേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഗാസയിലെ ആരോഗ്യമേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി.അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രയേലി സേനയുടെയും കുടിയേറ്റക്കാരുടെയും റെയ്ഡുകൾ,അറസ്റ്റുകൾ,ആക്രമണങ്ങൾ എന്നിവ തുടരുന്നു.യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ 72,000-ത്തിലധികം പലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധങ്ങൾ അവഗണിച്ചാണ് ഇസ്രയേൽ ഗാസയിൽ നരനായാട്ട് തുടരുന്നത്.
കരാർ ലംഘിച്ചത് 1620 തവണ
ഒക്ടോബറിൽ നടപ്പിലാക്കിയ വെടിനിർത്തൽ കരാർ ഇതോടെ പൂർണ്ണമായും തകർച്ചയുടെ വക്കിലാണ്.
ഒക്ടോബറിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു ശേഷം ഇസ്രയേൽ 1620 തവണ ലംഘിച്ചെന്നാണ് റിപ്പോർട്ട്.ആക്രമണങ്ങളിൽ 580ൽ അധികം പേർ കൊല്ലപ്പെട്ടു. 1553 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.
പാലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല
അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ നിയന്ത്രണം ശക്തിപ്പെടുത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ വസ്തുതാപരമായ പരമാധികാരം നടപ്പാക്കുന്നതിന് തുല്യമാണെന്ന് ഉന്നത ഇസ്രയേൽ ഉദ്യോഗസ്ഥൻ.നീക്കത്തിനെതിരെ വ്യാപക വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് ഇസ്രയേൽ ഊർജ മന്ത്രി ന്യായീകരണവുമായി രംഗത്തുവന്നത്. ഭാവിയിൽ പാലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്നാണ് വെസ്റ്റ്ബാങ്കിന്റെ നിയന്ത്രണം ശക്തിപ്പെടുത്താൻ ഇസ്രയേൽ നടപടികൾ സ്വീകരിച്ചതിന്റെ സൂചനയെന്നും മന്ത്രി ഇസ്രയേൽ സൈനിക റേഡിയോയോട് പറഞ്ഞു.