വി.ഐ.പിയായി പാലാ

Wednesday 11 February 2026 2:27 AM IST

കോട്ടയം: അണികൾ തുടങ്ങിയ സൈബർ യുദ്ധം മാണി സി. കാപ്പനും ജോസ് കെ.മാണിയും തമ്മിലുള്ള പരസ്യ വാക്‌പോരിലേയ്ക്ക് എത്തിയതോടെ പാലാ മണ്ഡലം സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി. ബി.ജെ.പിയിൽ നിന്ന് അഡ്വ.ഷോൺ ജോർജ് കൂടി മത്സരത്തിനിറങ്ങിയാൽ പാലാപ്പോരാട്ടം കടുക്കും.

ജില്ലയിലെ മറ്റ് എട്ടു മണ്ഡലങ്ങളിലുമില്ലാത്ത വീറും വാശിയുമാണ് പാലായിൽ. വികസനത്തിന്റെ പേരിൽ ജോസ് കെ.മാണിയും മാണി സി.കാപ്പനും തമ്മിലുള്ള വാക്‌പോര് തുടക്കം മാത്രമാണെന്നാണ് അണികൾ പറയുന്നത്. മാണി സി. കാപ്പൻ മത്സരിക്കുമെന്ന് ഉറപ്പായിരുന്നു. ജോസ് കെ.മാണി മത്സരിക്കുമോയെന്നതിലെ സസ്പെൻസ് മന്ത്രി റോഷി അഗസ്റ്റിൻ പൊട്ടിച്ചു. ബി.ജെ.പിയ്ക്കായി ഷോൺ ജോർജും മത്സരിക്കുമെന്ന് ഉറപ്പായതോടെ മൂന്നു നേതാക്കൾക്കും പാലായിലെ വിജയം അഭിമാന പ്രശ്നവുമായി.

 വിജയം പ്രസ്റ്റീജ് വിഷയം കഴി‌ഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ കാപ്പനും പകരം വീട്ടാൻ ജോസും പിടിച്ചടക്കാൻ ഷോണും രംഗത്തിറങ്ങുമ്പോൾ വിജയം പ്രസ്റ്റീജ് വിഷയയി. ജോസ് പാലായിൽ സജീവമാണ്. എം.പി ഫണ്ടിൽ ഭൂരിഭാഗവും പാലായിൽ ചെലവഴിച്ചു. തന്റെ ഇടപെടലിൽ സംസ്ഥാന പദ്ധതികൾ പാലായിൽ എത്തിച്ചെന്ന് അവകാശവും ഉന്നയിക്കുന്നു. ജോസിനെതിരെ കടന്നാക്രമിക്കുന്ന പതിവ് രീതിയിലാണ് കാപ്പൻ. ഇത്തവണയും ജയിക്കുമെന്ന ആത്മവിശ്വാസം. മുന്നൊരുക്കത്തിൽ ഒട്ടും പിന്നിലല്ല ബി.ജെ.പിയും. മലയോര മേഖലയിലെ സ്വാധീനം, ന്യൂനപക്ഷ , ബി.ജെ.പി വോട്ടുകൾ എന്നിവയിലാണ് ഷോണിന്റെ പ്രതീക്ഷ.

അനൈക്യം വ്യക്തം

 തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ കാപ്പനുമായി ഇടഞ്ഞ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ

 കേരളാ കോൺഗ്രസ് മുന്നണി മാറ്റ പ്രചരാണം സൃഷ്ടിച്ച അസ്വസ്ഥത

 കഴിഞ്ഞ തവണ ജോസിനെ സി.പി.എം പൂർണമായും സഹായിച്ചില്ലെന്ന മുറിവ് അണികളിൽ  ഷോൺ ജോർജിന്റെ വരവിൽ അസ്വസ്ഥരായി പാലാ പ്രതീക്ഷിച്ചിരുന്ന മുതിർന്ന നേതാക്കൾ

 ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജ് പാലാ ലക്ഷ്യമിട്ട് നടത്തിയ പരസ്യ പ്രതികരണം