നിൽക്കക്കള്ളിയില്ലാതെ നെൽക്കർഷകർ

Wednesday 11 February 2026 2:32 AM IST

കോട്ടയം: നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് തുകയായ 6 രൂപ 31 പൈസ ഇനി മുതൽ നൽകേണ്ടെന്ന കേന്ദ്ര സർക്കാർ തീരുമാനം നെൽക്കർഷകർക്ക് തിരിച്ചടിയാവുന്നു. ചിലവു കൂടി വരവ് കുറഞ്ഞതോടെ നെൽക്കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം കൃഷി ഭൂമി തരിശിടുന്നവരുടെ എണ്ണം കൂട്ടിയേക്കും.

രാജ്യത്ത് നെല്ലുത്പാദനം കൂടിയെന്ന് പറഞ്ഞാണ് അധിക ബോണസ് നിറുത്താനുള്ള കേന്ദ്ര സർക്കാർ വാദം. എന്നാൽ കേരളത്തിൽ നെല്ലുത്പാദനം അടുത്ത നാളുകളിൽ കുറയുകയാണുണ്ടായത്.

23 രൂപ 69 പൈസയാണ് ഒരു കിലോ നെല്ലിന് കേന്ദ്രം നൽകുന്നത്. സംസ്ഥാന സർക്കാർ അധിക ബോണസായി 6രൂപ 31 പൈസ കൂടി ചേർത്താണ് കിലോയ്ക്ക് 30 രൂപ ഇപ്പോൾ നൽകുന്നത്. ഒരു വർഷം 500-600 കോടി വരെ വരും അധിക ബോണസ് തുക. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നെൽവില കുറക്കാൻ കഴിയാത്തതിനാൽ ഇത് തുടരുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പണം കണ്ടെത്തുക ബുദ്ധിമുട്ടാകും. അടുത്ത സർക്കാരിനും ഇത് വൻ ബാദ്ധ്യതയാകും. ഉത്പാദന ചിലവിന്റെ ഒന്നര ഇരട്ടി താങ്ങുവില നൽകണമെന്ന സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാലാണ് പകരം അധിക ബോണസ് സർക്കാർ നൽകുന്നത്.

നെൽക്കർഷകർ കുറയും

ബോണസ് തുക കൂടി ഇല്ലെങ്കിൽ കൃഷി ചെയ്യുന്നവരുടെ എണ്ണം നാമമാത്രമാകും. കർഷകരിൽ നിന്നു സംഭരിക്കുന്ന നെല്ലാണ് സ്വകാര്യ മില്ലുകൾ അരിയാക്കി തിരിച്ച് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത്. നെൽ ഉത്പാദനം കുറഞ്ഞാൽ റേഷൻ വിതരണം പ്രശ്നമാകും. അരിവില കൂടും.

നെല്ലിൻെ വില ഇതുവരെ നൽകിയില്ല

ആറ് മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ പണം മുടങ്ങിയെന്ന് കർഷകർ പരാതിപ്പെടുന്നു.