കാടില്ലെങ്കിലും നഗരത്തിലും  കാട്ടുമൃഗങ്ങളുടെ തേരോട്ടം

Thursday 12 February 2026 12:03 AM IST

കോട്ടയം : കാട്ടുപന്നി, മുള്ളൻ പന്നി, പെരുമ്പാമ്പ്, കാട്ടുപൂച്ച, കുരങ്ങ്, കുറുക്കനും കീരിയും ഉടുമ്പും... നാട്ടിൻ പുറത്തല്ല, അടുത്ത് വനംപോലുമില്ലാത്ത കോട്ടയം നഗരത്തിലും പരിസരത്തും ഇവയുടെ നിറസാന്നിദ്ധ്യമാണ്. നഗരാതിർത്തികളിൽ ഇവയുടെ തേരോട്ടവും. നിലതുടർന്നാൽ വൈകാതെ വനാതിർത്തിയ്ക്ക് സമാന സാഹചര്യമുണ്ടാകുമോയെന്നതാണ് ഭീതി.

നഗരത്തിൽ നിന്ന് അഞ്ചുകിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ള പുതുപ്പള്ളിയിലെ റബർ ബോർഡിന്റെ തോട്ടത്തിൽ കാട്ടുപന്നി സ്ഥിരസാന്നിദ്ധ്യമാണ്. ഏഴയലത്ത് പോലും വനമില്ലാതിരുന്ന പാമ്പാടിയുടെ പരിസരപ്രദേശത്ത് പ്രളയകാലത്ത് എത്തിയ കാട്ടുപന്നി പിന്നീട് സമീപ പഞ്ചായത്തുകളിലേക്കും വ്യാപിച്ചു. മീനടം, വടവാതൂർ, പാമ്പാടി, കൂരോപ്പട പഞ്ചായത്തുകളിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റവരുമുണ്ട്. കോടിമതയിൽ മുള്ളൻപന്നിയെയും കഴിഞ്ഞദിവസം കണ്ടു. ഉടുമ്പും കീരിയും പണ്ടേ നഗരവാസികളാണ്. പെരുമ്പാമ്പ് ആഴ്ചയിൽ ഒന്നെങ്കിലും കാണും. മരപ്പെട്ടിയും കുട്ടികളും സ്ഥിരതാമസക്കാർ. തമിഴ്നാട് ലോറികളിൽ നിന്ന് കുടിയേറിയ കുരങ്ങന്മാരെയും ഗ്രാമങ്ങളിൽ നിന്ന് വന്ന മയിലുകളേയും നഗരപ്രദേശങ്ങളിൽ കാണാം.

ഇങ്ങനെ പോയാൽ എന്ത്

ഒരു വശത്ത് നഗരത്തിൽ വികസന പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴാണ് വന്യമൃഗ ഭീഷണി. വാകത്താനത്ത് പലതവണ പുലിയുടേതെന്ന സംശയമുള്ള കാൽപ്പാടുകൾ കണ്ടു. വളർത്തുനായ്ക്കളെ കാണാതാവുന്നതും പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്രമകാരികളായ മൃഗങ്ങൾ ഇനി എന്നുവരുമെന്ന ആധിയിലാണ് നഗരവാസികൾ.

അനുകൂല സാഹചര്യങ്ങളേറെ

 പെരുമഴയത്ത് തോടുവഴി എത്തിയാൽ നഗരത്തിൽ പെറ്റുപെരുകാനുള്ള അനുകൂല സാഹചര്യം

 കാടുപിടിച്ച സ്ഥലങ്ങളും കൃഷിയില്ലാത്ത പാടങ്ങളും ചതുപ്പുനിലങ്ങളും ഒപ്പം മാലിന്യവും

 പെരുമ്പാമ്പ്, മറ്റ് പാമ്പുകൾ ഉടുമ്പ്, കീരി, മരപ്പെട്ടി എന്നിവയെ തിന്നാനും മറ്റ് മൃഗങ്ങളെത്താം

 സുലഭമായ അറവുമാലിന്യം, മാലിന്യം നിറഞ്ഞ ഓടകൾ, പെറ്റുപെരുകാനുള്ള സൗകര്യം