സ്പീഡ് ബോട്ടുകളുടെ സാഹസിക യാത്ര..... സുരക്ഷയ്‌ക്ക് പുല്ലുവില, ഭയപ്പാടിൽ സഞ്ചാരികൾ

Thursday 12 February 2026 12:19 AM IST

കോട്ടയം : ഹൗസ് ബോട്ടുകളും, ശിക്കാര വള്ളങ്ങളും, മോട്ടോർ ബോട്ടുകളും വാഴുന്ന കായൽ ടൂറിസം മേഖലയിലെ പുതിയ 'അവതാരമായ' സ്പീഡ് ബോട്ടുകൾ അപകടത്തിലേക്ക് വഴി തുറക്കുന്നു. അനുമതിയില്ലാതെ സഞ്ചാരികളെ കയറ്റി പായുന്ന സ്പീഡ് ബോട്ടുകളിലെ യാത്ര യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ്. സ്പീഡ് ബോട്ടുകളുടെ എണ്ണം എത്ര? ലൈസൻസുള്ളവ എത്ര? ഈ ചോദ്യങ്ങൾക്കൊന്നും അധികൃതരുടെ പക്കൽ കൃത്യമായ ഉത്തരമില്ല. സ്വകാര്യ ബോട്ടുകൾ എന്ന ഗണത്തിലാണ് സ്പീഡ് ബോട്ടുകളെയും എണ്ണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിലവിൽ ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്പീഡ് ബോട്ടുകൾക്ക് മാത്രമാണ് വിനോദ സഞ്ചാരികളെ കയറ്റിയുള്ള സർവീസിന് അനുമതിയുള്ളതെന്ന് ടൂറിസം വകുപ്പ് അധികൃതർ പറയുമ്പോഴും വേമ്പനാട്ടുകായലിലൂടെ ധാരാളം സ്പീഡ് ബോട്ടുകൾ ചീറിപ്പായുകയാണ്. തണ്ണീർമുക്കം ബണ്ടിനടിയിലൂടെ സ്പീഡ് ബോട്ടുകാർ നടത്തുന്ന സാഹസിക യാത്രയ്‌ക്കെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു. കുട്ടികളെയടക്കം ഇരുത്തിയാണ് സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള യാത്ര. ഇത് കണ്ട് നിൽക്കുന്നവരിലും ഭീതിയുളവാക്കുന്നു.

ശിക്കാര വള്ളങ്ങൾക്ക് അപകട ഭീഷണി

സ്പീഡ് ബോട്ടിന്റെ അമിതവേഗം ശിക്കാര വള്ളങ്ങൾക്ക് അപകട ഭീഷണിയാകുന്നു. കുമരകം, തണ്ണീർമുക്കം ബണ്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് സ്പീഡ് ബോട്ടുകൾ കൂടുതലും സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം അഞ്ചരയോടെ തണ്ണീർമുക്കത്തു നിന്ന് എത്തിയ സ്പീഡ് ബോട്ടിന്റെ ഓളത്തിൽപ്പെട്ട് സഞ്ചാരികളുമായി പോയ ശിക്കാര ബോട്ട് ആടിയുലഞ്ഞു. മുങ്ങാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. തണ്ണീർമുക്കം ഭാഗത്ത് നിന്നും എത്തുന്ന സ്പീഡ് ബോട്ടുകാർ ചീപ്പുങ്കൽ മുതൽ പക്ഷി സങ്കേതം വരെയുള്ള ബോട്ട് ചാലിൽ ചെറു ബോട്ടുകൾക്കിടയിലൂടെ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് പതിവാണ്.

അനുമതിയില്ലാതെ സഞ്ചാരികളെ കയറ്റുന്നു നിരവധിത്തവണ അപകടങ്ങളിൽ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്

അഭ്യാസ പ്രകടനങ്ങൾ കണ്ട് ബോട്ടിൽ കയറാതെ പിൻവാങ്ങുന്നവരുമേറെ

കുട്ടികളെപ്പോലും സുരക്ഷാ ജാക്കറ്റ് ധരിപ്പിക്കാതെയാണിരുത്തുന്നത്

ടൂറിസം പൊലീസിന്റെ പട്രോളിംഗ് വേണമെന്ന് ആവശ്യം ഉയരുന്നു

ഒരാൾക്ക് : 200 രൂപ

(പരമാവധി 20 മുതൽ 30 മിനിട്ട് സഞ്ചാരം)

 ''അമിത വേഗതയിൽ സ്പീഡ് ബോട്ടുകൾ ഓടുന്നത് വൻ ദുരന്തത്തിന് വഴിവയ്ക്കുമെന്ന് ശിക്കാര ഡ്രൈവേഴ്‌സ് യൂണിയൻ നിരവധിത്തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകും.

-(വിനീത് മോട്ടി,കവണാറ്റിൻകര യൂണിറ്റ് സെക്രട്ടറി )