വാട്ടുകപ്പ, വാട്ട് എ ഡിമാൻഡ് !
കോട്ടയം: വാട്ടുകപ്പയും ഉണക്കമീനും! മദ്ധ്യകേരളത്തിന്റെ ദേശീയ ഭക്ഷണമായ വാട്ടുകപ്പയുടെ തലവര തെളിയുകയാണ്. വിൽക്കാൻ വയ്യാതെ കെട്ടിക്കിടന്ന വാട്ടുകപ്പയുടെ കെട്ടകാലം കഴിഞ്ഞു. കിട്ടാനില്ലാതായാതോടെ വിലയും കൊട്ടിക്കയറി. കിലോയ്ക്ക് 80 - 110 രൂപയാണ് വില. ഒരു വർഷം മുമ്പ് വാട്ടുകാപ്പ എടുക്കാൻ ആളില്ലാത്ത അവസ്ഥയായിരുന്നുവെങ്കിൽ ഇത്തവണ മറിച്ചാണ് സ്ഥിതി. ഡ്രയറിൽ ഉണങ്ങാതെ, കർഷകർ നേരിട്ട് വാട്ടി നിലത്തും പാറപ്പുറത്തും ഉണങ്ങുന്ന കപ്പയ്ക്കാണ് ഡിമാൻഡ്. ഉണക്കുന്നതിലെ ചെലവും സമയനഷ്ടവും കാരണം ഇടക്കാലത്ത് കർഷകർ പിൻവാങ്ങിയിരുന്നു. കൊവിഡ് കാലത്ത് കപ്പ കൃഷി ഏറിയപ്പോൾ മിച്ചം വന്ന കപ്പ പലരും വാട്ടി സൂക്ഷിച്ചെങ്കിലും വില്പന പ്രതിസന്ധിയിലായി. വിറ്റവർക്കാകട്ടെ മികച്ച വില ലഭിച്ചതുമില്ല. ഇക്കാലയളവിൽ മിക്കയിടങ്ങളിലും ഡ്രയറുകൾ സ്ഥാപിച്ച് കപ്പ ഉണങ്ങുന്ന രീതി ആരംഭിച്ചു. പക്ഷേ, രുചി ഉൾപ്പെടെ കുറയുന്നുവെന്ന പരാതി ഉയർന്നു.
ചെലവ് കൂടി, കിട്ടാനില്ല
തമിഴ്നാട്ടിൽ നിന്ന് പായ്ക്കറ്റുകളിലാക്കിയ കപ്പ 80 - 90 രൂപയ്ക്ക് കിട്ടും. പക്ഷേ, നാടനോടാണ് പ്രിയം. എന്നാൽ ചെലവ് വർദ്ധിച്ചതായി കർഷകർ പറയുന്നു. മുൻപ് വീട്ടുകാരും അയൽവാസികളും ബന്ധുക്കളുമൊക്കെ ചേർന്ന് ആഘോഷമാക്കിയിരുന്ന കപ്പ വാട്ട് ഇപ്പോൾ കൂലിയ്ക്ക് തൊഴിലാളികളെ നിറുത്തിയാണ് ചെയ്യുന്നത്. 1000 രൂപ കൂലിയും ഭക്ഷണവും നൽകിയാൽ പോലും കപ്പ വാട്ടാൻ തൊഴിലാളികളെ കിട്ടാനില്ല.
നാടൻ കപ്പയുടെ ഗുണം
അന്നജത്തിന്റെ അളവ് കൂടുതൽ
കാലിത്തീറ്റ നിർമാണത്തിന് ഉത്തമം
''ഇത്തവണ ഉണങ്ങുന്നതിന് അനുയോജ്യമായ കാലാവസ്ഥയായിരുന്നതിനാൽ മിക്ക കർഷകരും കപ്പ ഉണക്കി. ഏറെനാളുകൾക്ക് ശേഷമാണ് ഇത്രയും ഡിമാൻഡ്.
ജോബോയി, കർഷകൻ