ഒ.എൻ.വി എന്ന ലാവണ്യാക്ഷരങ്ങൾ ഓർമ്മയായിട്ട് നാളെ പത്തുവർഷം,​ എന്റെ ഹൃദ​യ​മെ​ടുത്തു നീ സന്തൂറായ് നീട്ടി​പ്പാ​ടൂ...

Thursday 12 February 2026 12:25 AM IST

ചില ഓർമ്മ​കൾ നമ്മോ​ടൊപ്പം മായാത്ത സ്മൃതി​ചി​ത്ര​ങ്ങ​ളായി കാല​ത്തി​ലൂടെ സഞ്ച​രി​ക്കും. അഞ്ചു ദശാ​ബ്ദ​ങ്ങൾക്കു മുൻപ് ഒരു മദ്ധ്യാ​ഹ്ന​ത്തിലെ ചില ദൃശ്യ​ങ്ങൾ ഞാനോർക്കു​ന്നു. യൂണി​വേ​ഴ്‌സിറ്റി കോളേ​ജിനു മുന്നിലെ മഹാ​ഗ​ണി ​വൃ​ക്ഷ​ച്ചു​വ​ട്ടിൽ ഞങ്ങൾ, ചില വിദ്യാർത്ഥി​കൾ തമാ​ശ​കൾ പറഞ്ഞ് ഉറക്കെ പൊട്ടി​ച്ചി​രി​ക്കു​ന്നു. പരി​സ​ര​ബോധം മറ​ന്നുള്ള ഞങ്ങ​ളുടെ ശബ്ദം ആവ​ശ്യ​ത്തി​ലേറെ ഉച്ച​ത്തി​ലാ​യി​രു​ന്നു. ഞങ്ങളെ കട​ന്നു​പോയ ഒ.​എൻ.​വി. സർ (ഞ​ങ്ങ​ളുടെ മല​യാളം പ്രൊഫ​സർ) ഒരു മിന്നൽപ്പി​ണർ കണക്കെ തിരിച്ചുവന്ന്,​ ജ്വലി​ച്ചു​കൊണ്ട് പറ​ഞ്ഞു, ''മഹാ​പ്ര​തി​ഭ​കൾ ഇരു​ന്നി​ട്ടുള്ള മര​ച്ചു​വ​ടാ​ണി​ത്. മറ​ക്ക​രുത്!""

ആ വാക്കു​ക​ളുടെ അഗ്നി​യിൽ ഞങ്ങൾ ദഹിച്ചു നിന്നു​പോ​യി. അന്നത്തെ കുറ്റ​ബോ​ധവും ജാള്യ​വും അല്പ​മെ​ങ്കിലും ശമി​ച്ചത്,​ ഞങ്ങ​ളുടെ കയ്യെ​ഴുത്തു മാസി​ക​യായ 'സ്പന്ദനം" ആദ്യലക്കം പ്രകാ​ശി​പ്പി​ച്ചു​കൊണ്ട് ഒ.​എൻ.​വി. സാർ, 'മനോ​ഹ​ര​മാ​യി​ട്ടു​ണ്ട്; ഇനിയും നന്നാകട്ടെ" എന്ന് ആ​ശം​സി​ച്ച​പ്പോ​ഴാ​ണ്. സർഗാ​ത്മക തേജ​സ്സാർന്ന കൈപ്പ​ട​യിൽ അദ്ദേഹം ആശം​സ​കൾ രേഖ​പ്പെ​ടു​ത്തി. പിന്നീട് വർഷ​ങ്ങൾക്കു​ശേഷം ഞാൻ സെക്ര​ട്ട​റി​യാ​യി​രുന്ന 'ആക്ട്" ഫിലിം സൊസൈറ്റി സത്യ​ജി​ത്‌ റാ​യി​യുടെ 'പഥേർ പാഞ്ചാലി" പ്രദർശി​പ്പിച്ച വേള​യിൽ അദ്ദേ​ഹത്തെ ഉദ്ഘാ​ട​ന​ത്തിനു ക്ഷണി​ച്ചു. സന്തോ​ഷ​ത്തോടെ വരി​കയും കാവ്യ​സു​ന്ദ​ര​മായ ഭാഷ​യിൽ അവി​സ്മ​ര​ണീ​യ​മായ ഒരു പ്രഭാ​ഷണം നട​ത്തു​കയും ചെയ്തു.

പിന്നീടും ആക്ടിന്റെ പരി​പാ​ടി​ക​ളിൽ ഉത്തമ ചല​ച്ചി​ത്രാ​സ്വാ​ദ​ക​നാ​യി​രുന്ന ആ മഹാ​പു​രു​ഷന്റെ സാന്നി​ദ്ധ്യ​മു​ണ്ടാ​യി​ട്ടു​ണ്ട്. മാന​വി​ക​ത​യുടെ ഉത്തും​ഗ​ ഗോ​പു​ര​മാ​യി​രുന്ന ഒ.​എൻ.​വി,​ കവി​തയെ നിർവ​ചിച്ച വരി​കൾ നോക്കുക: 'ഒരു കവിത മനു​ഷ്യ​രാ​ശി​ക്കാകെ നന്മയും ശാന്തിയും നേരു​ന്നൊരു പ്രാർത്ഥ​ന​യാകാം; ഹൃദ​യ​ങ്ങളെ ഇണ​ക്കി​ച്ചേർക്കു​ന്നൊരു മന്ത്ര​മാ​കാം; ആസ​ന്ന​മായ കൊടു​ങ്കാ​റ്റി​നെ​ക്കു​റി​ച്ചൊരു മുന്ന​റി​യി​പ്പാകാം; അന്തഃ​സ്താ​പ​മു​രു​കി​ത്തു​ളു​മ്പു​ന്നൊരു കണ്ണു​നീർത്തു​ള്ളി​യാകാം..."

'മയിൽപ്പീലി"യും 'അക്ഷര"വും 'ഉപ്പും" 'വള​പ്പൊ​ട്ടു​കളും" 'മറീ​ന​യിലെ മൈന​കളും" 'ഫിനി​ക്‌സും" 'ചോറൂണും" 'ഭൂമി​ക്കൊരു ചര​മ​ഗീ​ത"വും 'നാലു​മ​ണി​പ്പൂ​ക്ക"ളും 'ഒരു തുള്ളി വെളി​ച്ച"വും 'അഗ്നിശല​ഭ​ങ്ങ"ളും മറ്റ​നേകം ഉദാത്ത കവി​ത​കളും,​ കേര​ള​ത്തിന്റെ രാഷ്ട്രീ​യ​ച​രി​ത്ര​ത്തിലെ വസ​ന്ത​ത്തിന്റെ ഇടി​നാ​ദ​മായി ഇന്നും ആവേശം കൊള്ളി​ക്കുന്ന 'പൊന്ന​രി​വാളമ്പിളി​യില്..." പോലുള്ള അന​ശ്വര ​ഗാ​ന​ങ്ങളും,​ അസ്വാ​ദ​കർ നെഞ്ചി​ലേ​റ്റിയ എണ്ണ​മറ്റ ചല​ച്ചിത്ര ഗാന​ങ്ങളും ലളി​ത​ഗാ​ന​ങ്ങളും നാട​ക​ഗാ​ന​ങ്ങളും,​ 'ഉജ്ജ​യിനി",​ 'സ്വയം​വരം" എന്നീ ഉത്കൃഷ്ട കാവ്യ​ങ്ങളും,​ കാവ്യാ​ത്മ​കവും സംഗീ​താ​ത്മ​ക​വു​മായ പ്രഭാ​ഷ​ണ​ങ്ങളും ഇന്നും കേൾക്കു​മ്പോൾ അദ്ദേ​ഹ​ത്തിന്റെ വരി​കൾ തന്നെ ഓർത്തു പോകു​ന്നു- 'നന്ദി! അങ്ങാ​രാണ്; ചൊല്ലുമോ?'

സത്യം തിര​യുന്ന ചോദ്യ​ങ്ങ​ളിലൂ​ടെ​യാണ് അദ്ദേഹം പല​പ്പോഴും കവിത അവ​സാ​നി​പ്പി​ച്ചി​രു​ന്ന​ത്. ലളി​തവും ലാവ​ണ്യാ​ത്മ​ക​വു​മായ ഭാഷ​യിൽ ഇളം തല​മു​റ​യോടു സംവ​ദിച്ച് അവർക്ക് ലോക​ജ്ഞാനം പകർന്ന ശ്രേഷ്ഠ​നായ ഒരു ഗുരു​നാ​ഥൻ കൂടി​യാ​യി​രുന്നു,​ ഒ.എൻ.വി. 'അദ്ധ്യാ​പ​ക​ജീ​വിതം എന്റെ കവി​തയ്ക്ക് ഊർജ്ജം പകർന്നി​ട്ടേ​യുള്ളൂ. മുന്നി​ലൂടെ ഒഴുകിനീങ്ങുന്ന യൗവന​ത്തോടു സംസാ​രി​ക്കു​ക- അതും,​ അതിന്റെ പ്രതി​സ്പ​ന്ദ​മ​റി​ഞ്ഞു​കൊണ്ട്! അപൂർവമാ​യൊരു അനു​ഭൂ​തി​യാ​ണത്""- അദ്ദേഹം പറ​ഞ്ഞി​ട്ടു​ണ്ട്. രക്ത​സാ​ക്ഷി​ത്വ​ത്തിന്റെ ചരി​ത്ര​ത്തിനും വർത്ത​മാ​ന​ത്തിനും മദ്ധ്യേ​യുള്ള മാന​വീയം വീഥി​യി​ലൂ​ടെ, നിബിഡമാം മർത്യ​ര​ഥ്യക​ളി​ലൂടെ ശുഭ്ര​വ​സ്ത്ര​ധാ​രി​യാ​യി, ജ്വലി​ക്കുന്ന ഒരു കണ്ണീർത്തുള്ളി പോലെ നടന്നുനീങ്ങുന്ന കാവ്യ​നീ​തി​യാ​യി​രുന്നു ഒ.​എൻ.​വി. വാഗർത്ഥ​ ലാ​വ​ണ്യ​ങ്ങ​ളുടെ ഗുരു​നാ​ഥന് മഹാ​പ്ര​ണാമം!

ലേഖകന്റെ ഫോൺ: 98476 29326)​