ഏറ്റുകുടുക്കയുടെ 'തണൽ മനുഷ്യൻ"

Wednesday 11 February 2026 6:42 PM IST

കണ്ണൂർ: കൊടുംവേനലിൽ ഏറ്റുകുടുക്ക ഗ്രാമത്തിന്റെ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കും. റോഡിന്റെ ഇരുവശത്തുമായി ചുട്ടുപൊള്ളുന്ന ചെങ്കൽ പാറകളാണ്. പക്ഷേ ഇതുവഴി നടക്കുന്നവർക്ക് ഇതൊന്നും ബുദ്ധിമുട്ടാകില്ല. എല്ലാവരുടെയും തലയ്ക്ക് മുകളിൽ പിലാങ്കു കൃഷ്ണനെന്ന എഴുപതുകാരൻ നട്ട മാവും പ്ളാവും നെല്ലിയുമടക്കമുള്ള മരങ്ങളുടെ തണലുണ്ട്.

എഴുപതുകളിൽ ജോലിക്കായി കർണാടകയിലെ സുള്ള്യയിലേക്ക് പോയ കൃഷ്ണൻ തിരികെ വന്നതിന് ശേഷമാണ് പ്രകൃതിയോട് ഇത്രയ്ക്ക് അടുത്തത്. കൈയിലുണ്ടായിരുന്നത് കഷ്ടപ്പെട്ടുണ്ടാക്കിയ കുറച്ച് പണവും, ഹൃദയത്തിൽ വേരോടിയ പ്രകൃതിസനേഹവും. പതിനഞ്ചു വർഷം മുമ്പ് ഏറ്റുകുടുക്കയിൽ സ്ഥലം വാങ്ങി വീടുവച്ചപ്പോൾ ചുറ്റിലുമുള്ള പാറകൾ കണ്ടപ്പോഴാണ് തണൽവൃക്ഷങ്ങളുടെ സാദ്ധ്യത ആലോചിച്ചു തുടങ്ങിയത്. കർഷക സംഘം വഴി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായ ഇദ്ദേഹം പരിസ്ഥിതി പ്രവർത്തനം മികച്ച രാഷ്ട്രീയമാണെന്ന ചിന്താഗതിക്കാരൻ കൂടിയായിരുന്നു.

ഇതിന് ശേഷം വന്ന ഒരു പരിസ്ഥിതി ദിനത്തിൽ വീട്ടരികിലെ റോഡിനോട് ചേർന്ന് കുറച്ച് ചെടികൾ നട്ടു. രണ്ടാഴ്ച കഴിയുമ്പോഴേക്കും അവ നശിച്ചു. പിന്നെയും പല തവണ പല ചെടികൾ നട്ടു. ഏകദേശം മൂന്നുവർഷത്തോളമുള്ള പരീക്ഷണം അതിജീവനശേഷിയുള്ള മരങ്ങളേതെന്നും എപ്പോൾ നടണമെന്നും എങ്ങനെ പരിപാലിക്കണമെന്നുമുള്ള പാഠമായി. കടുത്ത ചൂടിനെ താങ്ങാനുള്ള നെല്ലി, മാവ്, പ്ലാവ് എന്നിവയുടെ ശേഷി തിരിച്ചറിഞ്ഞു. കാലവർഷത്തിന് തൊട്ടുമുമ്പ് നട്ട് തുടക്കത്തിൽ പ്രത്യേകശ്രദ്ധ നൽകിയാൽ ഇവ വളരുമെന്നും മനസിലാക്കി.

യാത്രകളിലൂടെ ശേഖരിക്കുന്ന തൈകളാണ് കൃഷ്ണൻ നട്ടുപിടിപ്പിച്ചവയിൽ അധികവും. ഇങ്ങനെ ശേഖരിച്ച് നട്ടുപിടിപ്പിച്ച ചെടികളാണ് റോഡരികിൽ കൂറ്റൻ മരങ്ങളായി നിൽക്കുന്നത്. റോഡരികിൽ മാത്രമല്ല, ശ്മശാന പറമ്പുകളിലും കൃഷ്ണൻ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ആദ്യമൊക്കെ ആളുകൾക്ക് അത്ഭുതത്തോടെ നോക്കിയിരുന്നുവെന്ന് കൃഷ്ണൻ ഓ‌ർമ്മിച്ചെടുക്കുന്നു. ഈ പ്രായത്തിൽ മരം നട്ടുപിടിപ്പിച്ച് എന്തു കാര്യം എന്നൊക്കെ ചോദിച്ചവരുണ്ട്. എന്നാൽ മരങ്ങൾ വളർന്നു തുടങ്ങിയപ്പോൾ അവർക്കും മാറ്റം വന്നു. ചിലർ വെള്ളമൊഴിക്കും, ചിലർ കന്നുകാലികളെ തുരത്തും.ചിലർ ചെടികൾക്ക് വേലി കെട്ടി സംരക്ഷിക്കും.മൈതാനത്തെത്തുന്ന താൻ നട്ട മാവിൽ നിന്നുള്ള മാമ്പഴമധുരം നുണയുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ടെന്ന് ഈ തണൽ മനുഷ്യൻ പറയുന്നു.

മരം നട്ടാൽ മാത്രം പോരാ, അത് വളരുന്നത് കാണണം. ആ സന്തോഷമാണ് എനിക്ക് ജീവിതം-പിലാങ്കു കൃഷ്ണൻ