എപ്‌സ്‌റ്റീൻ ഫയൽ യു.എസ് ആയുധമാക്കിയെന്ന് രാഹുൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയെയും കുറിച്ച് എപ്‌സ്റ്റീൻ ഫയലുകളിലുള്ള പരാമർശങ്ങൾ പുറത്തുവന്നതോടെയാണ് ഇന്ത്യൻ താത്പര്യങ്ങൾ മറന്ന് യു.എസുമായുള്ള വ്യാപാര കരാറിൽ ഒപ്പിടേണ്ടി വന്നതെന്ന് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരാേപിച്ചു. എന്നാൽ, യു.എന്നിലെ അംബാസഡർ എന്ന നിലയിൽ നടത്തിയ ചർച്ചകളാണ് പുറത്തുവന്നതെന്ന് ഹർദീപ് പുരി പ്രതികരിച്ചു.
കരസേനാ മേധാവിയുടെ പുസ്‌തകം പരാമർശിക്കരുതെന്ന കേന്ദ്രസർക്കാർ നിർദ്ദേശത്തിന് വഴങ്ങിയ രാഹുൽ, യു.എസ് കരാറിന്റെ പേരിൽ സർക്കാരിനെയും പ്രധാനമന്ത്രിയെയും ആക്രമിക്കുകയായിരുന്നു. എപ്‌സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെയും വ്യവസായി അനിൽ അംബാനിയുടെയും പേരു വന്നതും പരാമർശിച്ചു.
കോമാളിത്തരമെന്ന്
ഹർദീപ് സിംഗ് പുരി
ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ടല്ല തന്റെ പേര് പരാമർശിക്കപ്പെട്ടതെന്ന് മന്ത്രി ഹർദീപ് പുരി വാർത്താ സമ്മേളനം നടത്തി വിശദീകരിച്ചു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അംബാസഡറായി പ്രവർത്തിച്ച 2009 മേയ് മുതൽ 2017 ൽ മന്ത്രിയാകുന്നതുവരെയുള്ള കാലയളവിലെ മൂന്നോ നാലോ യോഗങ്ങളെക്കുറിച്ചാണ് എപ്‌സ്റ്റീൻ ഫയലുകളിലുള്ളത്. അതിലെ ഇടപെടലുകൾ പൂർണ്ണമായും പ്രൊഫഷണൽ എന്ന നിലയിലാണ്. രാഹുൽ ഗാന്ധിയുടെ ആരോപണം 'കോമാളിത്തരമെന്നും' അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു.