സർക്കാർ പരിപാടിയിലും സ്കൂളിലും വന്ദേമാതരം നിർബന്ധം

Thursday 12 February 2026 12:12 AM IST

ന്യൂഡൽഹി: ബംഗാളി സാഹിത്യകാരൻ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ദേശീയ ഗീതമായ 'വന്ദേമാതരം" സർക്കാർ പൊതു പരിപാടികളിലും സ്‌കൂൾ അസംബ്ളിയിലും നിർബന്ധമാക്കി കേന്ദ്രം. ദേശീയ ഗാനമായ ജനഗണമന ആലപിക്കുന്ന ച‌ടങ്ങുകളിൽ ആദ്യം വന്ദേമാതരവും പിന്നീട് ദേശീയഗാനവും ചൊല്ലണം. ജനഗണമനയ്‌ക്ക് തുല്യമായ പദവി ഉറപ്പാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

'വന്ദേമാതരം" ആലാപന സമയത്ത് ആദരസൂചകമായി എഴുന്നേറ്റുനിൽക്കണം. സിനിമാ ഹാളിലോ മറ്റോ ആണെങ്കിൽ എഴുന്നേറ്റ് നിൽക്കേണ്ടതില്ല.

ഗീതത്തിന്റെ ആറു ഖണ്ഡങ്ങളും ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കണം. ദുർഗാ,ലക്ഷ്മീ ദേവീ സ്‌തുതിയുള്ളതിനാൽ മുസ്ളിം നേതാക്കളുടെ എതിർപ്പിനെ തുടർന്ന് 1937ൽ കോൺഗ്രസ് നാല് ഖണ്ഡങ്ങൾ ഒഴിവാക്കിയിരുന്നു.

ദേശീയ പതാക ഉയർത്തുന്ന ചടങ്ങ്, പദ്മ പുരസ്‌കാര ദാനം, രാഷ്ട്രപതി, ഗവർണർ, ലെഫ്. ഗവർണർ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങ്, റേഡിയോ,ടെലിവിഷൻ വഴിയുള്ള രാഷ്ട‌്രപതിയുടെ അഭിസംബോധനയുടെ തുടക്കവും ഒടുക്കവും വന്ദേമാതരം ആലപിക്കണം. മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ കർശനമല്ലെങ്കിലും ഗാനം ആകാം. ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം. ദേശീയ ഗീതം, ദേശീയ ഗാനം, ദേശീയ പതാക എന്നിവയോടുള്ള ആദരവ് വർദ്ധിപ്പിക്കുന്നതിന് സ്‌കൂളുകളിൽ ബോധവത്‌കരണം നടത്തണം.

നടപടി പശ്ചിമ ബംഗാൾ

തിരഞ്ഞെടുപ്പിന് മുമ്പ്

1875ൽ രചിച്ച വന്ദേമാതരത്തിന്റെ 150-ാം വാർഷികം വിപുലമായി ആചരിച്ചതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ചാറ്റർജി തന്റെ പ്രശസ്ത ബംഗാളി നോവലായ ആനന്ദമഠത്തിലാണ് വന്ദേമാതരം ഉൾപ്പെടുത്തിയത്. ഭാരതമാതാവിനെയാണ് സ്തുതിക്കുന്നത്. 1896ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗീതം ആലപിച്ചു. ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രചോദനമായി വന്ദേമാതരം മാറി.1950 ജനുവരി 24ന് 'വന്ദേമാതരം" ഔദ്യോഗിക ദേശീയ ഗീതമായി ഭരണഘടനാ അസംബ്ലി അംഗീകരിച്ചു.

ആലാപന ദൈർഘ്യം

3 മിനിറ്റ് 10 സെക്കൻഡ്

1 വന്ദേമാതരവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഔദ്യോഗിക ഉത്തരവിറങ്ങുന്നത്

2 ഗാനത്തിന്റെ ഈണം, ആലാപന ദൈർഘ്യം (മൂന്ന് മിനിറ്റും പത്ത് സെക്കൻഡും) തുടങ്ങിയവയും വ്യക്തമാക്കിയിട്ടുണ്ട്

 വന്ദേമാതരത്തോടുള്ള അനാദരവ് തടയാൻ ദേശീയ ബഹുമതികളെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തും

വ​ന്ദേ​മാ​ത​രം ​(​പൂ​ർ​ണ​രൂ​പം) വ​ന്ദേ​ ​മാ​ത​രം...​ സു​ജ​ലാം,​ ​സു​ഫ​ലാം,​ ​മ​ല​യ​ജ​ശീ​ത​ളാം,​ ശ​സ്യ​ശ്യാ​മ​ളാം,​ ​മാ​ത​രം​ വ​ന്ദേ​ ​മാ​ത​രം! ശു​ഭ്ര​ജ്യോ​ത്സ്നാ​‌​ ​പു​ള​കി​ത​യാ​മി​നീം,​ ഫു​ല്ല​കു​സു​മി​ത​ ​ദ്രു​മ​ദ​ള​ശോ​ഭി​നീം,​ സു​ഹാ​സി​നീം​ ​സു​മ​ധു​ര​ ​ഭാ​ഷി​ണീം,​ സു​ഖ​ദാം​ ​വ​ര​ദാം​ ​മാ​ത​രം ​വ​ന്ദേ​ ​മാ​ത​രം! കോ​ടി​കോ​ടി​ ​ക​ണ്ഠ​ ​ക​ള​-​ക​ള​ ​നി​നാ​ദ​ ​ക​രാ​ളേ, ​കോ​ടി​കോ​ടി​ ​ഭു​ജൈ​ർ​ധൃ​ത​ ​ഖ​ര​ക​ര​വാ​ളേ,​ അ​ബ​ലാ​ ​കേ​ ​നോ​മാ​ ​ഏ​ത​ ​ബൊ​ലേ​!​ ബ​ഹു​ബ​ല​ധാ​രി​ണീം​ ​ന​മാ​മി​ ​താ​രി​ണീം,​ രി​പു​ദ​ള​വാ​രി​ണീം​ ​മാ​ത​രം​ വ​ന്ദേ​ ​മാ​ത​രം തു​മി​ ​വി​ദ്യാ,​ ​തു​മി​ ​ധ​ർ​മ്മ,​ തു​മി​ ​ഹൃ​ദി,​ ​തു​മി​ ​മ​ർ​മ്മ,​ ത്വം​ ​ഹി​ ​പ്രാ​ണാഃ​ ​ശ​രീ​രേ​ ബാ​ഹു​തേ​ ​തു​മി​ ​മാ​ ​ശ​ക്തി,​ ഹൃ​ദ​യേ​ ​തു​മി​ ​മാ​ ​ഭ​ക്തി,​ തോ​മാ​രൈ​ ​പ്ര​തി​മാ​ ​ഗ​ടി​ ​മ​ന്ദി​രേ​-​മ​ന്ദി​രേ​!​ വ​ന്ദേ​ ​മാ​ത​രം! ത്വം​ ​ഹി​ ​ദു​ർ​ഗാ​ ​ദ​ശ​പ്ര​ഹ​ര​ണ​ധാ​രി​ണീ,​ ക​മ​ലാ​ ​ക​മ​ല​ദ​ള​വി​ഹാ​രി​ണീ,​ വാ​ണീ​ ​വി​ദ്യാ​ദാ​യി​നീ,​ ന​മാ​മി​ ​ത്വാം,​ ​ന​മാ​മി​ ​ക​മ​ലാം,​ അ​മ​ലാം​ ​അ​തു​ലാം, സു​ജ​ലാം​ ​സു​ഫ​ലാം​ ​മാ​ത​രം​ വ​ന്ദേ​ ​മാ​ത​രം! ശ്യാ​മ​ളാം,​ ​സ​ര​ളാം,​ ​സു​സ്മി​താം,​ ​ഭൂ​ഷി​താം,​ ധ​ര​ണീം,​ ​ഭ​ര​ണീം,​ ​മാ​ത​രം​ വ​ന്ദേ​ ​മാ​ത​രം...