അമേരിക്ക എഴുതിച്ചേർത്ത പയർ ഇനം സ്വയം ഒഴിവാക്കി, സംയുക്ത പ്രസ്താവനയിലെ ഫാക്ട് ഷീറ്റിൽ തിരുത്തൽ
ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്‌താവനയിൽ പരാമർശിക്കാത്ത ചില പയർ വർഗങ്ങൾ ഇന്ത്യ വാങ്ങുമെന്ന് അതിലെ ഫാക്ട് ഷീറ്റിൽ രേഖപ്പെടുത്തിയ അമേരിക്ക അതു തിരുത്തി.
യു.എസ് വ്യാവസായിക ഉത്പന്നങ്ങൾ,ഡ്രൈഡ് ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ്, മൃഗങ്ങളുടെ തീറ്റയ്ക്കുള്ള ചുവന്ന സോർഗം, ട്രീ നട്ട്സ്, പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങൾ,സോയാബീൻ എണ്ണ,വൈൻ,സ്‌പിരിറ്റ് എന്നിവയുൾപ്പെടെയുള്ള വിവിധ യു.എസ് ഭക്ഷ്യ-കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്‌ക്കുകയോ ചെയ്യുമെന്നാണ് സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞിരുന്നത്.
ഫെബ്രുവരി 7നാണ് സംയുക്ത പ്രസ്‌താവന പുറത്തുവിട്ടത്. ഫെബ്രുവരി 9ന് യു.എസ് പുറത്തിറക്കിയ ഫാക്‌ട് ഷീറ്റിലാണ് പയർവർഗങ്ങളെ ഉൾപ്പെടുത്തിയത്. എന്നാൽ 10ാം തീയതി പയർ വർഗങ്ങളെ ഒഴിവാക്കി വീണ്ടും ഫാക്‌ട് ഷീറ്റ് വൈറ്റ് ഹൗസ് പുറത്തിറക്കുകയായിരുന്നു.
വേറെയും പൊരുത്തക്കേട്
1. അഞ്ചു വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ യുഎസ് ഊർജ്ജ ഉൽപ്പന്നങ്ങൾ,വിമാനങ്ങൾ,വിമാനഭാഗങ്ങൾ,വിലയേറിയ ലോഹങ്ങൾ,സാങ്കേതിക ഉത്പന്നങ്ങൾ,കോക്കിംഗ് കൽക്കരി എന്നിവ ഇന്ത്യ വാങ്ങുമെന്നാണ് സംയുക്ത പ്രസ്‌താവന.
എന്നാൽ, വിമാനങ്ങൾ,വിമാനഭാഗങ്ങൾ,വിലയേറിയ ലോഹങ്ങൾ തുടങ്ങിയവയെ ഒഴിവാക്കിയാണ് അമേരിക്ക ഫാക്‌ട് ഷീറ്റ് പുറത്തിറക്കിയത്.
2.ഡിജിറ്റൽ വ്യാപാരത്തിലെ വിവേചനപരമായ രീതികൾ പരിഹരിക്കാനും, നിയമങ്ങളിൽ വ്യക്തത വരുത്താനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് സംയുക്ത പ്രസ്‌താവന.
എന്നാൽ, ഇന്ത്യ ഡിജിറ്റൽ സർവീസസ് ചാർജുകൾ ഒഴിവാക്കുമെന്നാണ് ഫെബ്രുവരി 9ലെ ആദ്യ ഫാക്‌ട് ഷീറ്റിൽ വ്യക്തമാക്കിയത്. പുതിയ ഫാക്‌ട് ഷീറ്റിൽ ശക്തമായ ദ്വിരാഷ്ട്ര ഡിജിറ്റൽ വ്യാപാര നിയമങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നാണ് ഒടുവിലായി പറയുന്നത്.