കനത്ത ചൂടിൽ: വെള്ളത്തിനായി നെട്ടോട്ടം

Thursday 12 February 2026 3:09 AM IST

പാലോട്: വേനൽ എത്തുംമുൻപേ ഗ്രാമീണ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം.തോടുകളും ആറുകളും വറ്റിത്തുടങ്ങിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്.നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും വെള്ളം കിട്ടാക്കനിയായി.വേനൽ കടുത്തതോടെ മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിത്തുടങ്ങി. കുടിവെള്ള പൈപ്പിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ജലവിതരണം നിശ്ചലമാണ്. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇപ്പോഴും തുടരുന്നതിനാൽ ജലവിതരണം ഉടനെയൊന്നും കാണാൻ സാദ്ധ്യതയില്ല. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് ഇപ്പോൾ കുടിവെള്ളത്തിനായി വലയുന്നത്. രാവിലെ മുതൽ കാത്തിരുന്നാൽ ഒരല്പം കുടിവെള്ളം കിട്ടിയാലായി. മിക്ക ദിവസങ്ങളിലും പൈപ്പുകളിൽ വെള്ളമുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. 2009ൽ 60 കോടി നിർമ്മാണച്ചെലവിൽ ആരംഭിച്ച നന്ദിയോട് ആനാട് സമഗ്ര കുടിവെള്ള പദ്ധതി എങ്ങുമെത്തിയിട്ടില്ല.

മാലിന്യവാഹിനിയായി നദികൾ

വാമനപുരം നദിയിലെ കുടിവെള്ള പദ്ധതി പ്രദേശങ്ങൾ മലിനമായി മാറിക്കഴിഞ്ഞു.കുടിവെള്ള പദ്ധതി പ്രദേശങ്ങളായ പാലോട്,ചെറ്റച്ചൽ,താവയ്ക്കൽ,കുണ്ടാളം കുഴി എന്നിവിടങ്ങളിലേക്ക് ജലമെത്തിക്കുന്ന വാമനപുരം നദിയാണ് നിലവിൽ മാലിന്യവാഹിനിയെന്ന് പറയാം. ഈ നദിയിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ഉപഭോക്താക്കൾക്ക് കുടിവെള്ളമായി ലഭിക്കുന്നത്.ബ്ലീച്ചിംഗ് പൗഡർ ഇട്ടാണ് കുടിവെള്ളമായി നൽകുന്നത്.ജലത്തിന്റെ രാസപരിശോധന നടന്നിട്ട് മാസങ്ങളാകുന്നു.പാലോട് ആറ്റുകടവിൽ നിന്ന് ശേഖരിക്കുന്ന വെള്ളം നന്ദിയോട് പഞ്ചായത്തിന് സമീപത്തെ കുടിവെള്ള ടാങ്കിൽ എത്തിച്ച് അവിടെ നിന്നാണ് വിവിധ ഭാഗങ്ങളിലേക്കുള്ള പൈപ്പുകളിലൂടെ ജനങ്ങൾക്ക് എത്തുന്നത്.

ക്ഷാമം ഇവിടെ

നന്ദിയോട് പഞ്ചായത്തിൽ പുലിയൂർ, ഓട്ടുപാലം, പച്ച കാലൻകാവ്, നാഗര, വാഴപ്പാറ, വട്ടപ്പൻകാട്, കള്ളിപ്പാറ, ആനകുളം, നളന്ദ, പാലുവള്ളി, വെമ്പ്, കുറുപുഴ, ഒൻപത് ഏക്കർ കോളനി, വട്ടപ്പൻകാട്, താന്നിമൂട്, ആശാരിവിളാകം, പനച്ചക്കുന്ന്, വാഴപ്പാറ, ദൈവപ്പുര, കട്ടക്കാൽ, പറങ്കിമാംവിള, വേലാംകോണം, മത്തായിക്കോണം. പെരിങ്ങമ്മല പഞ്ചായത്തിൽ കൊച്ചുവിള കുണ്ടാളം കുഴി, മാന്തുരുത്തി, പാറക്കോണം, ഞാറനീലി, ഇലഞ്ചിയം, ഇടിഞ്ഞാർ, ബ്രൈമൂർ, കരിമൺകോട്, വട്ടക്കരിക്കകം

ആശ്രയം പൈപ്പ് വെള്ളം

മിക്കസ്ഥലങ്ങളിലും വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകളിലൂടെ ലഭിക്കുന്ന കുടിവെള്ളമാണ് ഏക ആശ്രയം. പാറ നിറഞ്ഞ പ്രദേശമായതിനാൽ ഇവിടങ്ങളിൽ കിണർ വെള്ളം ലഭിക്കില്ല. ഈ പ്രദേശങ്ങളിലെ ജനങ്ങൾ കിലോമീറ്ററുകളോളം കാൽനടയായി നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.