അരൂരിൽ ഗതാഗതക്കുരുക്ക് അഴിച്ച് ട്രാഫിക് വാർഡൻമാർ

Thursday 12 February 2026 2:15 AM IST

അരൂർ: ഉയരപ്പാത നിർമ്മാണം പുരോഗമിക്കുന്ന അരൂർ മേഖലയിൽ ദിവസേന അനുഭവപ്പെട്ടിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതിൽ ട്രാഫിക് വാർഡൻമാരുടെ സേവനം നിർണായകമാകുന്നു.

ഉയരപ്പാത ആരംഭിക്കുന്ന അരൂർ പള്ളി–ബൈപാസ് കവലയിലാണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നത് . ഇടക്കൊച്ചിയിലേക്കും വൈറ്റിലയിലേക്കും പോകുന്ന വാഹനങ്ങളും ഇരുവശത്തുനിന്നും അരൂരിലേക്ക് തിരിയുന്ന വാഹനങ്ങളും ഒരുമിച്ചെത്തുന്നതോടെ ഇവിടെ തിരക്ക് നിയന്ത്രണാതീതമാവുകയായിരുന്നു. മറ്റു ചുമതലകൾ കൂടുതലായതിനാൽ എല്ലാ സമയത്തും മതിയായ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായി.

തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിസംബർ 12 മുതൽ ട്രാഫിക് വാർഡൻമാരെ നിയോഗിച്ചത്. വനിതകളടക്കം 12 പേരാണ് അരൂർ പള്ളി–ബൈപാസ് കവലയിൽ ജോലി ചെയ്യുന്നത്. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ ഒരു ബാച്ചും, ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ മറ്റൊരു ബാച്ചുമായി ദിവസേന 14 മണിക്കൂർ ഇവർ ഗതാഗത നിയന്ത്രണം നിർവഹിക്കുന്നു.

ഡിസംബർ 12 മുതൽ ജനുവരി 31 വരെ പൊലീസ് നേരിട്ടാണ് ഇവരെ നിയോഗിക്കുകയും വേതനം നൽകുകയും ചെയ്തത്. ഫെബ്രുവരി ഒന്നുമുതൽ ഉയരപ്പാത നിർമാണം പൂർത്തിയാകുന്നതുവരെ വാർഡൻമാരുടെ വേതനം നിർമാണ കമ്പനി നൽകും.