അനന്തരവളോട് അപമര്യാദയായി പെരുമാറി: ‘റാംബോ’ രാജേഷ് പിടിയിൽ

Thursday 12 February 2026 4:20 AM IST

ശംഖുംമുഖം: സ്വന്തം സഹോദരിയുടെ മകളോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കുപ്രസിദ്ധ ഗുണ്ട വലിയതുറ പൊലീസിന്റെ പിടിയിലായി. ശംഖുംമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ താമസിക്കുന്ന രാജേഷ് (43) എന്ന 'റാംബോ രാജേഷ്' ആണ് അറസ്റ്റിലായത്.

നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജേഷ്. കഴിഞ്ഞ ദിവസം സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ വലിയതുറ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് എത്തുമെന്നറിഞ്ഞ പ്രതി ഉടൻ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസെടുത്തു. വലിയതുറ എസ്.ഐ ഇൻസാമിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു.