ആർ.എസ്.എസ് പരിപാടിയിൽ സൽമാൻ ഖാൻ: ഇന്ത്യൻ പൗരനെന്ന് ഷിൻഡെ
മുംബയ്: മുംബയിൽ ആർ.എസ്.എസിന്റെ നൂറാം വാർഷികാഘോഷച്ചടങ്ങിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ പങ്കെടുത്തത് വിവാദത്തിൽ. ചടങ്ങിൽ പങ്കെടുത്ത സൽമാനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരിക്കുന്നത്. എന്നാൽ ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സൽമാൻ ഖാൻ ഒരു ഇന്ത്യൻ പൗരനാണെന്നും ഹൈന്ദവ ആചാരങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും ഷിൻഡെ വ്യക്തമാക്കി. താരങ്ങളുടെ സാന്നിദ്ധ്യം രാഷ്ട്രീയവത്കരിക്കരുതെന്നും ഷിൻഡെ ആവശ്യപ്പെട്ടു.
ആർ.എസ്.എസ്എസിന്റെ ശതാബ്ദി ആഘോഷച്ചടങ്ങായ'100 ഇയേഴ്സ് ഒഫ് സംഘ് ജേർണി: ന്യൂ ഹൊറൈസൺസി'ന്റെ ഭാഗമായി ശനിയാഴ്ച നടന്ന മുംബയ്വ്യാഖ്യാനമാല എന്ന പരിപാടിയിലാണ് സൽമാൻ ഖാൻ പങ്കെടുത്തത്. ഇതിനെതിരെ ഉയർന്ന വിമർശനങ്ങളെഷിൻഡെതള്ളി. 'സൽമാൻ ഖാൻ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടത്തോ ഇല്ലയോ എന്നത് എന്തുതരം ചോദ്യമാണ്? സൽമാൻ ഖാൻ ഒരു ഇന്ത്യൻ പൗരനാണ്. അദ്ദേഹത്തിന്റെ വീട്ടിൽ ഗണപതിയുടെ വിഗ്രഹമുണ്ട്. അദ്ദേഹം നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ തന്നെ. സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിലൂടെ പൊതുവ്യക്തികളെ രാഷ്ട്രീയ കഥകളിൽ ഒതുക്കരുത്.' ഷിൻഡെ പറഞ്ഞു. സംഭവത്തിൽ സൽമാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ പരിപാടിയിൽ സൽമാനെ കൂടാതെ ബോളിവുഡിലെ മറ്റ് താരങ്ങളായ രൺബീർ കപൂർ, വിക്കി കൗശൽ എന്നിവരും പങ്കെടുത്തിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങിൽ അക്ഷയ് കുമാർ, കരൺ ജോഹർ, അനന്യ പാണ്ഡെ, ശിൽപ ഷെട്ടി, രവീണ ഠണ്ടൻ, ജാക്കി ഷ്രോഫ് തുടങ്ങിയവരും പങ്കെടുത്തു.