70 കഴിഞ്ഞവർക്ക് വീണ്ടും 'കല്യാണം' സമ്മാനങ്ങൾ നൽകി സ്റ്റാലിൻ

Thursday 12 February 2026 12:22 AM IST

ചെന്നൈ: 70 കഴിഞ്ഞ ദമ്പതിമാർ ഒരിക്കൽ കൂടി വരണമാല്യം ചാർത്തി. എല്ലാവർക്കും സമ്മാനങ്ങൾ നൽകിയത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ഹിന്ദു മത,ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് വകുപ്പ് നടപ്പിലാക്കുന്ന ക്ഷേമ പദ്ധതിയുടെ ഭാഗമായി ചെന്നൈയിൽ 70 വയസ്സ് കഴിഞ്ഞ 500 മുതിർന്ന പൗര ദമ്പതികളെ മുഖ്യമന്ത്രി സ്റ്റാലിൻ ആദരിച്ചത്.

ചടങ്ങിൽ, മുഖ്യമന്ത്രി വൃദ്ധ ദമ്പതികൾക്ക് പുതിയ മുണ്ടുകളും സാരികളും മറ്റ് വസ്തുക്കളും പഴങ്ങളും സമ്മാനിച്ചു. എച്ച്.ആർ & സി.ഇ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെന്നൈ മേഖലയിലെ ക്ഷേത്രങ്ങളാണ് പരിപാടി സംഘടിപ്പിച്ചത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി വകുപ്പ് ഒരു വിവാഹ സഹായ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതുവരെ 2,800 ദമ്പതികൾക്കും 165 ഭിന്നശേഷിക്കാരായ ദമ്പതികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

കൂടാതെ,സംസ്ഥാനത്തുടനീളമുള്ള 70 വയസും അതിൽ കൂടുതലുമുള്ള 2,000 മുതിർന്ന ദമ്പതികളെ ആദരിക്കാനുള്ള പദ്ധതി വകുപ്പ് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. 2025 നവംബറിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ചത്തെ പരിപാടി ചെന്നൈയിൽ നടന്ന സംരംഭത്തിന്റെ രണ്ടാം ഘട്ടമായിരുന്നു. ചെന്നൈയി 500 മുതിർന്ന ദമ്പതികളെ ആദരിച്ചപ്പോൾ, തമിഴ്നാട്ടിലുടനീളം ആകെ 3,000 ദമ്പതികളെ ഒരേ ദിവസം ആദരിച്ചു.