റോഷിയുടെ അഭിപ്രായം ചോരത്തിളപ്പായി കണ്ടാൽ മതി: ജോസ് കെ. മാണി

Thursday 12 February 2026 2:25 AM IST

കോതമംഗലം: പാലായിൽ താൻ മത്സരിക്കുന്ന കാര്യം ആലോചനയിലില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്റെ അഭിപ്രായ പ്രകടനം ചോരത്തിളപ്പായി കണ്ടാൽ മതിയെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. റോഷി പറഞ്ഞത് വികാരപരമായ വാക്കുകളായി മാത്രം കണക്കാക്കിയാൽ മതി. പാർട്ടിയാണ് സ്ഥാനാർത്ഥിത്വം തീരുമാനിക്കുക.

യു.ഡി.എഫ് പ്രവേശനത്തിനായി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്ന മാണി സി. കാപ്പന്റെ പ്രസ്താവനയെ ജോസ് തള്ളി. ഇക്കാര്യം എവിടെ വേണമെങ്കിലും സത്യം ചെയ്യാം. കേരള കോൺഗ്രസിന്റെ തറവാട് കേരളാ കോൺഗ്രസ് (എം) ആയതുകൊണ്ടാണ് പി.ജെ. ജോസഫ് രണ്ടില ചിഹ്നത്തിനും പാർട്ടിയുടെ പേരിനുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പാർട്ടിയാണ് തറവാടെങ്കിൽ പരാതിയുമായി പോകില്ലായിരുന്നല്ലോയെന്നും ജോസ് പറഞ്ഞു.