അഞ്ച് പാറമടകൾക്ക് പൂട്ട്; നിർമാണമേഖല സ്തംഭനാവസ്ഥയിൽ

Friday 18 October 2019 12:25 AM IST

ഇടുക്കി: അഞ്ച് പാറമടകൾ കൂടി അടച്ചുപൂട്ടാൻ നടപടിയെടുത്തതോടെ സ്തംഭനാവസ്ഥയിലായ നിർമാണമേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവിനുള്ളിലെ ഖനനത്തിന് നിരോധനം ഏർപ്പെടുത്തണമെന്ന സംസ്ഥാന മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറുടെ കത്തിനെത്തുടർന്നാണ് നടപടി. കല്ലും മെറ്റലും കിട്ടാതായതോടെ നിർമാണ മേഖല ഇപ്പോൾ തന്നെ കടുത്ത പ്രതിസന്ധിയിലാണ്. നിലവിൽ തമിഴ്നാട്ടിൽ നിന്നും എറണാകുളം,​ കോട്ടയം ഉൾപ്പെടെയുള്ള അന്യജില്ലകളിൽ നിന്നുമാണ് ഹൈറേഞ്ചിലേക്ക് നിർമാണസാമഗ്രികൾ എത്തിക്കുന്നത്. അന്യനാടുകളിൽ നിന്നെത്തിക്കുന്ന അസംസ്കൃത വസ്തുക്കൾ ഇരട്ടി വില കൊടുത്ത് വാങ്ങി കൊച്ചു വീട് വയ്ക്കുന്ന സാധാരണക്കാരന് സാധിക്കില്ല. കല്ലിന്റെയും മെറ്റലിന്റെയും വില ഇനിയും കൂടാനാണ് സാദ്ധ്യത. നിലവിൽ പ്രവർത്തനാനുമതിയുള്ള പാറമടകളും വന്യജീവിസങ്കേതങ്ങളും തമ്മിലുള്ള ദൂരപരിധിയിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് വൈൽഡ് ലൈഫ് വാർഡൻമാർക്ക് മൈനിംഗ് ആൻഡ് ജിയോളജി ജില്ലാ ഓഫീസർ കത്ത് നൽകിയിരുന്നു. എന്നാൽ മതികെട്ടാൻചോല നാഷണൽ പാർക്കിന്റെ പരിധിയിൽവരുന്ന ക്വാറികളുടെ വിവരങ്ങൾ മാത്രമാണ് ലഭിച്ചത്. മറ്റ് രണ്ട് വാർഡന്മാരും മറുപടി നൽകിയില്ല. 10 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ പാറമടകളുടെ പ്രവർത്തനം നിർത്തുമെന്ന് കഴിഞ്ഞ അഞ്ചിന് ക്വാറി ഉടമകൾക്ക് അറിയിപ്പ് നൽകി. ഈ സമയപരിധി അവസാനിച്ചതോടെയാണ് അനുമതി റദ്ദാക്കിയത്.

ലൈഫ്മിഷൻ പദ്ധതിക്ക് പാര

ഭവനരഹിതർക്ക്സർക്കാർ സഹായത്തോടെ നടപ്പിലാക്കുന്ന ലൈഫ് മിഷൻ പദ്ധതിക്ക് നിർമ്മാണ സാമഗ്രികളുടെ ക്ഷാമം വലിയ പ്രതിസ്ധി വരുത്തും.

മണൽ ലഭ്യത കുറഞ്ഞതോടെ പകരം എം. സാന്റാണ് ഉപയോഗിക്കുന്നത്. പാറമടകൾക്ക് പൂട്ടുവീണതോടെ നിർമ്മ5ാണ.പ്രവർത്തനങ്ങൾ മൊത്തത്തിൽ താറുമാറാകുമെന്ന അവസ്ഥയാണുള്ളത്.

പൂട്ടുവീണവ

 ഉടുമ്പഞ്ചോല താലൂക്കിൽ ശാന്തമ്പാറ, ചതുരംഗപ്പാറ വില്ലേജുകളിലെ മതികെട്ടാൻചോല ദേശീയോദ്യാനത്തോട് ചേർന്നുള്ള രണ്ടെണ്ണം

​ പീരുമേട് താലൂക്കിലെ കുമളി വില്ലേജിൽ പെരിയാർ നാഷണൽ പാർക്കിന് സമീപത്തുള്ളത്

 ഇടുക്കി വന്യജീവി സങ്കേതത്തിന് സമീപം ഉപ്പുതോട് വില്ലേജിലുള്ളത്

 തൊടുപുഴ താലൂക്കിൽ കുടയത്തൂർ വില്ലേജിലുള്ളത്