എപ്‌സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്,​ കൈമാറിയത് ഒരു മെയിൽ മാത്രം,​ കുറ്റകൃത്യങ്ങളുമായി ബന്ധമില്ലെന്ന് ഹർദീപ് സിംഗ് പുരി

Wednesday 11 February 2026 8:41 PM IST

ന്യൂഡൽഹി: എപ്സ്റ്റീൻ ഫയലിൽ പേരുണ്ടെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് ഹർദീപ് സിംഗ് പുരി സമ്മതിച്ചു. പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. സന്നദ്ധ സംഘടനയ്ക്ക് വേണ്ടി ജോലി ചെയ്തപ്പോഴായിരുന്നു അത്. ഇതിനെയാണ് രാഹുൽ പെരുപ്പിച്ച് കാണിച്ചത്. എപ്സ്റ്റിനുമായി ഒരു ഇമെയിൽ മാത്രമേ കൈമാറിയിട്ടുള്ളൂവെന്നും രാഹുൽ ഗാന്ധിക്കുള്ള മറുപടിയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി. അതല്ലാതെ എപ്സ്റ്റീന്റെ കുറ്റകൃത്യവുമായി ബന്ധമില്ലെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.

മൂന്നു ദശലക്ഷം മെയിലുകളിൽ മൂന്നോ നാലോ പരാമർശങ്ങൾ മാത്രമാണുള്ളത്. പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ടാണ് ഞാൻ എപ്സ്റ്റിനെ കണ്ടത്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കേന്ദ്രമന്ത്രി മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. എപ്സ്റ്റിനിന്റെ പ്രവർത്തനങ്ങളിൽ തനിക്ക് ഒരു താത്പര്യവുമില്ല. ഞാൻ അങ്ങനെയൊരു ആളല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് പാർലമെന്റിനകത്തും പുറത്ത് മാദ്ധ്യമങ്ങളോടും രാഹുൽ ഗാന്ധി ഉന്നയിച്ചത്. കേന്ദ്രമന്ത്രി ഹർദീപ് പുരിയുടെയും അനിൽ അംബാനിയുടെയും പേരുകൾഎപ്സ്റ്റീൻ ഫയലിൽ ഉണ്ടെന്നും യു.എസിൽ അദാനിക്കെതിരെ കേസ് നിലനിൽക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. ഇതെല്ലാം പ്രധാനമന്ത്രിയിൽ നേരിട്ടു സമ്മർദ്ദമുണ്ടാക്കുന്നു. ഒരു പ്രധാനമന്ത്രിയും സാധാരണ അവസ്ഥയിൽ ചെയ്യാത്ത കാര്യങ്ങളാണ് യു.എസുമായുള്ള വ്യാപാര കരാറിലുള്ളതെന്നും രാഹുൽ ആരോപിച്ചിരുന്നു.