സംസ്ഥാന ബഡ്‌സ് കലോത്സവത്തിന് അരങ്ങൊരുങ്ങുന്നു
തൃശൂർ: ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗവാസന നിറയുന്ന ബഡ്‌സ് കലോത്സവം 'തില്ലാന 2026' ന് അരങ്ങൊരുങ്ങുന്നു. സംസ്ഥാനത്തെ ബഡ്‌സ്, ബി.ആർ.സി സ്ഥാപനങ്ങളിലെ പ്രതിഭകളാണ് മത്സരിക്കുന്നത്. രണ്ട് ദിവസം വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ നാലു വേദികളിലായി അറുന്നൂറോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. ജൂനിയർ, സിനീയർ വിഭാഗങ്ങളിലാണ് മത്സരം. നിള,കബനി, പെരിയാർ, ഭവാനി എന്നീ കേരളത്തിലെ പുഴകളുടെ പേരിലാണ് വേദികൾ സജ്ജീകരിച്ചിരിക്കുന്നത്.
ഉദ്ഘാടനം രാവിലെ 13 ന്
കുടുംബശ്രീ സംസ്ഥാന ബഡ്‌സ് കലോത്സവം 'തില്ലാന 2026' 13 ന് കേരളത്തിന്റെ മന്ത്രി അഡ്വ. കെ.രാജൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കു. എം.പി.മാരായ കെ രാധാകൃഷ്ണൻ, ബെന്നി ബഹനാൻ, മേയർ ഡോ.നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒ. ദിനേശൻ എന്നിവർ പങ്കെടുക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിജിത്ത് കെ.ദീപക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകുന്നേരം 5. 30 ന് സമാപന ചടങ്ങുകൾ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് അദ്ധ്യക്ഷത വഹിക്കും. അസി. ജില്ലാമിഷൻ കോർഡിനേറ്റർ കെ.കെ.പ്രസാദ് , ജിഷ്ണു ഗോപൻ, ആദർശ് പി.ദയാൽ, ദീപും കെ.ഉത്തമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇനങ്ങൾ
നാടൻപാട്ട് ഒപ്പന നാടോടി നൃത്തം എംബോസ് പെയിന്റിംഗ് കളറിംഗ് പേപ്പർ ക്രാഫ്‌റ്റ് പെൻസിൽ ഡ്രോയിംഗ് കീബോർഡ് ബാൻഡ് മേളം ഫാൻസി ഡ്രസ് സംഘനൃത്തം ചെണ്ട മിമിക്രി ലളിതഗാനം പദ്യം ചൊല്ലൽ