അനധികൃത മസാജ് സെന്ററുകൾ കോവളത്ത് നിരവധി

Thursday 12 February 2026 5:09 AM IST

പരിശോധനകൾ പേരിനുപോലുമില്ല

കോവളം: വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് അനധികൃത മസാജ് സെന്ററുകൾ, കൂണുകൾപോലെ മുളച്ചിട്ടും പരിശോധനകൾ പേരിനുപോലുമില്ല. 42 ആയുർവേദ മസാജ് - സ്പാ സെന്ററുകൾക്കാണ് ബീച്ച് മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കോർപ്പറേഷൻ വിഴിഞ്ഞം സോണൽ ഓഫീസിൽ നിന്ന് അനുമതി നൽകിയത്. എന്നാലിപ്പോൾ നൂറിലധികം സെന്ററുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ബീച്ചുകളിൽ നിന്ന് മാറി യാത്രാസൗകര്യമുള്ള വീടുകളിലാണ് പ്രവർത്തനം.ആവശ്യക്കാരെ ഇത്തരം സ്ഥാപനങ്ങളിലെത്തിക്കുന്ന ഇടനിലക്കാർക്ക് കമ്മീഷനും നൽകുന്നുണ്ട്.

വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ 11 ആയുർവേദ മസാജ് സ്പാ സെന്ററുകൾക്കാണ് അനുമതിയുള്ളത്. എന്നാൽ പഞ്ചായത്ത് പരിധിയിൽ 50 ഓളം സെന്ററുകൾ പ്രവർത്തിക്കുന്നതായാണ് വിവരം.ഭൂരിഭാഗം സ്പാ കേന്ദ്രങ്ങൾക്കും ലൈസൻസ് ഉൾപ്പെടെയുള്ള രേഖകളില്ല.

അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക്‌ പൊലീസ്‌ നോട്ടീസ് നൽകാറുമില്ല. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഭൂരിഭാഗം സ്ഥാപനങ്ങളുടെയും പ്രവർത്തനം. ടൂറിസത്തിന്റെ മറവിൽ ആയുർവേദ മസാജ് എന്ന പേരിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി പൊലീസിന് വിവരം നേരത്തെ ലഭിച്ചിരുന്നെങ്കിലും, പരാതികളില്ലാത്തതിനാൽ അന്വേഷണമുണ്ടായിട്ടില്ല.

വ്യാജന്മാർ വിലസുന്നു!

കോവളം ബീച്ച് റോഡ്,വിഴിഞ്ഞം - ഹാർബർ,ലൈറ്റ്ഹൗസ് റോഡ്,മായക്കുന്ന്,കുഴിയൻവിള

എന്നിവിടങ്ങളിലാണ് കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.ചില സെന്ററുകൾ പോസ്റ്ററുകൾ പതിച്ച് പരസ്യവും നൽകുന്നുണ്ട്. ഒരു വർഷത്തേക്ക് ചില സ്ഥാപനങ്ങൾ പ്രത്യേക ഓഫറുകളും നൽകുന്നുണ്ട്.സോഷ്യൽ മീഡിയ വഴിയാണ് അധികവും പരസ്യം.വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് ചില സ്ഥാപനങ്ങൾ ലൈസൻസ് നേടുന്നതെന്ന പരാതിയുമുണ്ട്.ലൈസൻസിനായി സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും സംഘമുണ്ട്.