സ്ത്രീകൾക്കെതിരായ അതിക്രമം: നഗരത്തിലെ കണക്കുകൾ രഹസ്യമാക്കി പൊലീസ്

Thursday 12 February 2026 4:14 AM IST

വെബ്സൈറ്റിൽ കേസുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല

തിരുവനന്തപുരം: സ്ത്രീകൾ നഗരത്തിൽ എത്രമാത്രം സുരക്ഷിതരാണെന്ന് കൃത്യമായി പറയേണ്ടിടത്ത് അവർക്കെതിരായ അതിക്രമങ്ങളുടെ കണക്ക് രഹസ്യമാക്കി പൊലീസ്. അതിക്രമങ്ങളുടെ ഇനംതിരിച്ചുള്ള പട്ടികയാണ് പ്രസിദ്ധീകരിക്കാത്തത്.

സിറ്രി പൊലീസ് നാലുവർഷം മുമ്പുള്ളതും റൂറൽ പൊലീസ് ഒരുവർഷം മുമ്പുള്ള കണക്കുകളും മാത്രമാണ് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത് ആണെന്ന മുൻകാല കണക്കുകൾ കാരണമാണ് ഈ പട്ടിക കൃത്യമായി പ്രസിദ്ധീകരിക്കാത്തതെന്നാണ് ആക്ഷേപം.

സിറ്റി പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പീഡനങ്ങൾ,ശാരീരിക അതിക്രമങ്ങൾ,മറ്റ് സൈബർ കുറ്റകൃത്യങ്ങൾ എന്നിവയുടെ എണ്ണത്തിൽ കുറവോ,വർദ്ധനവോ ഉണ്ടായിട്ടുണ്ടോ എന്നറിയാൻ നിലവിൽ ഔദ്യോഗിക രേഖകൾ ലഭ്യമല്ല. കൃത്യമായ കണക്കുകൾ പുറത്തുവന്നാൽ മാത്രമേ ഏതൊക്കെ മേഖലകളിലാണ് സ്ത്രീകൾ കൂടുതൽ വെല്ലുവിളികൾ നേരിടുന്നതെന്ന് മനസിലാക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും സാധിക്കൂ. സ്ത്രീസുരക്ഷയ്ക്കായി പ്രവർത്തിക്കുകയാണെന്ന് പറയുമ്പോഴും ഇത്തരം കണക്കുകൾ ഒളിപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.

നിലവിൽ പൊലീസ് വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ

തിരുവനന്തപുരം സിറ്റി- 2021 മുതൽ 2022 വരെ

തട്ടിക്കൊണ്ടുപോകൽ- 4

അപമാനിക്കൽ-- 42

സ്ത്രീധനത്തിന്റെ പേരിലുള്ള മരണം- 0

ഭർത്താവ് /കുടുംബക്കാരിൽ നിന്നുള്ള ഉപദ്രവം - 261

മറ്റു കുറ്റകൃത്യങ്ങൾ- 763

ബലാത്സംഗം- നിലവിൽ ഒരു കണക്കും ലഭ്യമാക്കിയിട്ടില്ല

തിരുവനന്തപുരം റൂറൽ - 2018 മുതൽ 2024 വരെ

ഉപദ്രവം - 2842

തട്ടിക്കൊണ്ടുപോകൽ - 54

അപമാനിക്കൽ -- 170

സ്ത്രീധനത്തിന്റെ പേരിലുള്ള മരണം - 12

ഭർത്താവ് /കുടുംബക്കാരിൽ നിന്നുള്ള ഉപദ്രവം- 1588

മറ്റു കുറ്റകൃത്യങ്ങൾ- 2393

ഈ വിഷയം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല, പരിശോധിച്ച്

വേണ്ട നടപടിയെടുക്കും.

കെ.കാർത്തിക്,സിറ്റി പൊലീസ് കമ്മിഷണർ