കാനഡയിൽ വെടിവയ്‌പ്: 9 പേർ കൊല്ലപ്പെട്ടു  അക്രമി ആത്മഹത്യ ചെയ്തു

Thursday 12 February 2026 6:33 AM IST

ഒട്ടാവ: കാനഡയിൽ സ്കൂളിലും സമീപത്തെ സ്വകാര്യ വസതിയിലുമുണ്ടായ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ സ്ത്രീ സ്വയം വെടിയുതിർത്ത് മരിച്ചു. പ്രാദേശിക സമയം,ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.20ന് ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലായിരുന്നു സംഭവം. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചു കടന്ന പ്രതി ഏഴ് പേരെ വെടിവച്ചു കൊന്നു.

പൊലീസെത്തിയപ്പോഴേക്കും പ്രതിയെ സ്കൂൾ കെട്ടിടത്തിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അധികം വൈകാതെ സമീപത്തെ വീട്ടിൽ രണ്ട് പേരെ കൂടി വെടിയേറ്റ നിലയിലും കണ്ടെത്തി. രണ്ടിടങ്ങളിലും വെടിവയ്പ് നടത്തിയത് സ്ത്രീ തന്നെയാണെന്നാണ് പൊലീസ് നിഗമനം.

പ്രതിയുടെയും കൊല്ലപ്പെട്ടവരുടെയും പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി മാർക്ക് കാർണി,മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിന്റെ ഭാഗമായി ജർമ്മനിയിലേക്ക് നടത്താനിരുന്ന യാത്ര റദ്ദാക്കി.