'അത് ചെയ്യേണ്ടി വരുമെന്ന് മനസിലാക്കാനുള്ള ബ്രെയിൻ സ്‌പേസ് രജീഷയ്ക്കുണ്ടായിരുന്നു'; സംവിധായകൻ

Thursday 12 February 2026 12:49 PM IST

ആവാസവ്യൂഹം,​ പുരുഷപ്രേതം എന്നീ ചിത്രങ്ങൾക്കുശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം, സൈമൺസ് മെമ്മറീസിലെ ആദ്യ ഗാനം പുറത്തുവന്നതുമുതൽ വിവാദങ്ങളും പിന്നാലെ കൂടിയിരുന്നു. രജീഷാ വിജയൻ ഗ്ലാമറസ് ലുക്കിൽ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടതാണ് വിമർശനങ്ങൾക്കിടയാക്കിയത്. ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് കരിയറിന്റെ തുടക്കത്തിൽ രജീഷ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മസ്തിഷ്ക മരണത്തിൽ താരം ഐറ്റം ഡാൻസ് ചെയ്താണ് പലരും വിമർശിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ കൃഷാന്ദ്.

'രജീഷയു‌ടെ പൊളിറ്റിക്‌സിനെക്കുറിച്ച് എനിക്ക് ബോദ്ധ്യമുണ്ടായിരുന്നു. കഥ പറയുന്ന സമയത്തുതന്നെ ഇങ്ങനെയൊരു കാര്യം സിനിമയിലുണ്ടെന്ന് രജീഷയോട് സൂചിപ്പിച്ചിരുന്നു. അവരതിൽ കംഫർട്ടബിളാണോ എന്നുചോദിച്ചു. സ്‌ക്രിപ്റ്റ് മുഴുവൻ അയച്ചുകൊടുക്കാൻ പറഞ്ഞപ്പോൾ അതും ചെയ്തു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ അത് കഥയുടെ ഭാഗമാണെന്ന് താരത്തിന് മനസിലായി. രജീഷയെ കൺവീൻസ് ചെയ്തു എന്ന് പറയുന്നതിനേക്കാൾ ഇത്തരം കാര്യങ്ങൾ സ്ക്രിപ്റ്റിലുണ്ടെന്ന് മനസിലാക്കി എഗ്രിമെന്റിലെത്തിയതാണെന്ന് പറയാം. സ്ക്രിപ്റ്റ് വായിച്ചിട്ട് ഇങ്ങനെയൊരു കാര്യം ചെയ്യേണ്ടിവരുമെന്ന് മനസിലാക്കാനുള്ള ബ്രെയിൻ സ്‌പേസ് ഉള്ളതുകൊണ്ട് അവർ ചെയ്തുവെന്ന് മാത്രം'- കൃഷാന്ദ് വ്യക്തമാക്കി.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. രജീഷ വിജയനെ കൂടാതെ നിരഞ്ജ് മണിയൻപിള്ള രാജു,​ ജഗദീഷ്,​ സുരേഷ് കൃഷ്ണ,​ നന്ദു,​ ദിവ്യപ്രഭ,​ ആൻ ജമീല സലിം,​ ശാന്തി ബാലചന്ദ്രൻ,​ വിഷ്ണു അഗസ്ത്യ,​ ശംഭു,​ സായ് ഗായത്രി,​ ശ്രീനാഥ് ബാബു,​ മനോജ് കാന,​ ഷിൻസ് ഷാൻ,​ മിഥുൻ വേണുഗോപാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.