ലഹരി കലർന്ന വെള്ളം കുടുപ്പിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു
സമസ്തിപൂർ: ബീഹാറിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന 'പക്കട്‌വാ വിവാഹ്' വീണ്ടും ചർച്ചയാകുന്നു. സമസ്തിപൂർ സ്വദേശി നിതീഷ് കുമാർ (22) എന്ന യുവാവാണ് ഇത്തവണ ഇരയായത്. തോക്കിൻമുനയിൽ നിർത്തി ലഹരി കലർന്ന വെള്ളം കുടുപ്പിച്ചാണ് നിതീഷിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. സംഭവത്തിൽ യുവാവിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഫെബ്രുവരി ഏഴിന് സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോഴാണ് എല്ലാറ്റിന്റെയും തുടക്കം. നിതീഷിനെ കൂട്ടുകാർ ലഹരി കലർന്ന വെള്ളം നൽകി ബോധരഹിതനാക്കുകയും, തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ വീട്ടിലെത്തിച്ച് അവിടത്തെ പെൺകുട്ടിയെക്കൊണ്ട് ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ കം പ്രചരിക്കുന്നു.
വിവാഹ ചടങ്ങുകൾക്കിടയിലും നിതീഷ് പൂർണ്ണമായും അബോധാവസ്ഥയിലായിരുന്നുവെന്ന് പിന്നീട് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വിവാഹത്തിനുശേഷം രണ്ട് ദിവസത്തോളം യുവാവിനെ ഒരു മുറിയിൽ ബന്ദിയാക്കി പൂട്ടിയിട്ടു. ബോധം തിരിച്ചുകിട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വിവാഹ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി അവിടെത്തന്നെ നിർത്താൻ പെൺവീട്ടുകാർ ശ്രമിച്ചു.
മകനെ കാണാനില്ലെന്ന് കാട്ടി നിതീഷിന്റെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് തടവിൽ നിന്നും യുവാവിനെ മോചിപ്പിച്ചത്. തടങ്കലിൽ വച്ച് ശാരീരികമായി തന്നെ ഉപദ്രവിച്ചതായും നിതീഷ് ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബഹാറിലെ ഗ്രാമപ്രദേശങ്ങളിൽ ഇന്നും തുടർക്കഥയാകുന്ന 'പക്കട്‌വാ വിവാഹ്' രീതിക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.