പൊലീസുകാരനെ കൈയേറ്റം ചെയ്തു : വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസ്
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ദേഹോപദ്രവം ഏൽപ്പിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ കേസിൽ നിന്ന് ഒഴിവാകാൻ ഉദ്യോഗസ്ഥൻ ശ്രമം തുടങ്ങി. തലസ്ഥാനത്തെ ഉന്നതരുടെ സഹായത്തോടെ കേസ് ഒത്തുതീർപ്പാക്കാൻ നീക്കം നടത്തിയെങ്കിലും നടപടിയുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം. വനംവകുപ്പിന്റെ ഇടപ്പള്ളി സാമൂഹ്യവനംവൽക്കരണ വിഭാഗം ഓഫീസിലെ കൊല്ലം സ്വദേശിയായ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ പ്രതിയാക്കിയാണ് എളമക്കര പൊലീസ് കേസെടുത്തത്. ഇടപ്പള്ളി - വടക്കൻ പറവൂർ റോഡിൽ ലുലു മാളിനും ഇടപ്പള്ളി ജംഗ്ഷനും ഇടയിൽ കഴിഞ്ഞ 3ന് രാത്രി 9നായിരുന്നു സംഭവം. മിനികൂപ്പർ കാർ ഓടിച്ച യുവതിയും ബൊലേറോ ജീപ്പ് ഡ്രൈവറും തമ്മിൽ വാഹനങ്ങൾ നിറുത്തിയിട്ട് വാക്കേറ്റം നടക്കുന്നത് കണ്ട് സ്ഥലത്തെത്തിയ എളമക്കര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.എ. ബ്രൂണോയ്ക്ക് (39) നേരെയായിരുന്നു കൈയേറ്റം.
യുവതി കൺട്രോൾ റൂമിൽ അറിയിച്ചതനുസരിച്ചാണ് ബ്രൂണോയും മറ്റൊരു പൊലീസുകാരനും സ്ഥലത്തെത്തിയത്. ഈ സമയം യുവതി തന്റെ ഭർത്താവിനെയും വിളിച്ചുവരുത്തി. ബ്രൂണോ വിവരങ്ങൾ തിരക്കുന്നതിനിടെ യുവതിയുടെ ഭർത്താവ് ജീപ്പ് ഡ്രൈവറെ പിടിച്ചുതള്ളി. കൈയേറ്റം പാടില്ലെന്ന് ബ്രൂണോ താക്കീത് ചെയ്തു. ഇതിനിടെ നിലത്തു വീണ ഡ്രൈവർ എഴുന്നേറ്റ് യുവതിയുടെ ഭർത്താവിന് സമീപത്തേക്ക് നീങ്ങിയപ്പോൾ, ആൾക്കൂട്ടത്തിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ ഡ്രൈവറെ മർദ്ദിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ബ്രൂണോയുടെ വലത് ചുമലിൽ പിടിച്ച് ഉദ്യോഗസ്ഥൻ ശക്തമായി തള്ളുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു.
ഫോറസ്റ്റ് റേഞ്ച് ഓഫീസറാണെടോ...
"ഞാൻ ഫോറസ്റ്റ് റേഞ്ച് ഓഫീസറാണെടോ" എന്നാക്രോശിച്ച ശേഷമാണ് ഇയാൾ സ്ഥലത്തുനിന്ന് മാറിയത്. പൊലീസുകാരനെ കൈയേറ്റം ചെയ്യുന്നത് കണ്ടുനിന്ന നാട്ടുകാർ പ്രതിഷേധിക്കുകയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥനെതിരെ കേസെടുത്ത വിവരം പൊലീസ് ഇടപ്പള്ളി സാമൂഹ്യവനംവൽക്കരണ ഓഫീസിൽ രേഖാമൂലം അറിയിച്ചു. ഇതോടെ തിരുവനന്തപുരത്തെത്തി ഉന്നത ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർ മുഖേന കേസ് ഒതുക്കാൻ പ്രതി ശ്രമം തുടങ്ങി. എന്നാൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ച നിർദ്ദേശം. സംഭവദിവസം ഇയാൾ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ബി.എൻ.എസ്, കേരള പൊലീസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.