ചരിത്രകാരൻ  ഇർഫാൻ  ഹബീബിന്  നേരെ  ആക്രമണശ്രമം; പിന്നിൽ എബിവിപിയെന്ന് ആരോപണം

Thursday 12 February 2026 4:59 PM IST

ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയിൽ ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ആക്രമണശ്രമം. ആർട്‌സ് ഫാക്കൽറ്റിക്കുമുന്നിൽ പ്രസംഗിക്കുമ്പോൾ വെള്ളം നിറച്ച ബക്കറ്റ് അദ്ദേഹത്തിന് നേർക്ക് എറിയുകയായിരുന്നു. വേദിക്ക് പിന്നിൽ നിന്നാണ് വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞത്. സർവ്വകലാശാലയിലെ വിദ്യാർത്ഥി സംഘടനയായ ഐസ സംഘടിപ്പിച്ച പീപ്പിൾസ് ലിറ്ററേച്ചർ ഫെസ്‌റ്റിവൽ എന്ന പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇതിനുപിന്നിൽ എബിവിപി ആണെന്നാണ് ഐസയുടെ ആരോപണം. സംഭവം അൽപസമയത്തേക്ക് പരിഭ്രാന്തി സൃഷ്‌ടിച്ചെങ്കിലും പ്രസംഗം പൂർത്തിയാക്കിയശേഷമാണ് ഇർഫാൻ ഹബീബ് സർവകലാശാലയിൽ നിന്ന് മടങ്ങിയത്.

രാജ്യത്തെ‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നേരെയുള്ള കടന്നുകയറ്റത്തിനെതിരെ സംസാരിക്കുമ്പോഴുണ്ടാകുന്ന അസഹിഷ്‌ണുതയുടെ തെളിവാണ് തനിക്ക് നേരെയുണ്ടായതെന്ന് ഇർഫാൻ ഹബീബ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ പരാതിനൽകാനോ കൂടുതൽ പ്രതികരണങ്ങൾക്കോ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.