തിരഞ്ഞെടുപ്പ് ഒരുക്കത്തിൽ മുന്നണികൾ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സർവേ പരമ്പര
കണ്ണൂർ: വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കി യു.ഡി.എഫ്. വടക്കൻ മേഖലാ ജാഥയ്ക്കു പിന്നാലെ മണ്ഡലങ്ങളിൽ നടക്കുന്ന വികസന മുന്നേറ്റ ജാഥയോടെ എൽ.ഡി.എഫും രംഗത്തിറങ്ങും. വിജയസാദ്ധ്യത നിർണയിക്കാനും അനുയോജ്യമായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനും രാഷ്ട്രീയ പാർട്ടികൾ പ്രൊഫഷണൽ ഏജൻസികളുടെ സഹായത്തോടെ വിശദമായ ജനാഭിപ്രായ പഠനങ്ങൾ നടത്തിവരികയാണ്. എൽ.ഡി.എഫിലെ സി.പി.എമ്മും യു.ഡി.എഫിലെ കോൺഗ്രസും മുസ്ലിം ലീഗും ഇതിനകം നിരവധി മണ്ഡലങ്ങളിൽ സർവേ പൂർത്തിയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് സീറ്റ് വച്ചു മാറൽ സാദ്ധ്യതകൾ അടക്കം ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ കോൺഗ്രസും ലീഗും വിശദമായ പഠനം നടത്തിക്കഴിഞ്ഞു.
മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ, നിലവിലെ രാഷ്ട്രീയ സാഹചര്യം, പ്രാദേശിക നേതൃത്വ സമവാക്യങ്ങൾ, ജനപിന്തുണ, ജാതിമത ഘടകങ്ങൾ തുടങ്ങിയ വശങ്ങൾ സർവേയിൽ വിശകലനം ചെയ്യുന്നുണ്ട്. കേരളത്തിലെ ഏജൻസികൾക്കൊപ്പം ദേശീയതല ഏജൻസികളും കോൺഗ്രസിനായി പഠനം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ചില നേതാക്കൾ സ്വന്തം ചെലവിൽ സർവേ നടത്തി തങ്ങളുടെ സാദ്ധ്യത അളക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
കണ്ണൂർ സീറ്റിന് യു.ഡി.എഫിൽ കടുത്ത മത്സരം കണ്ണൂർ മണ്ഡലത്തിൽ അര ഡസനോളം കോൺഗ്രസ് നേതാക്കൾ അവകാശവാദവുമായി രംഗത്തുണ്ട്. കെ. സുധാകരൻ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെ ഇവർ ചെറിയ ആശയക്കുഴപ്പത്തിലാണ്. എം.പിമാർക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ നിയമസഭയിലേക്ക് ഇറങ്ങാൻ തയ്യാറാകുമെന്നതിനാൽ കെ.പി.സി.സി നേതൃത്വം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കുന്നുണ്ട്. മുൻ മേയർ ടി.ഒ മോഹനൻ, കോർപറേഷൻ കൗൺസിലർ റിജിൽ ചന്ദ്രൻ മാക്കുറ്റി, കെ.പി.സി.സി അംഗം അമൃത രാമകൃഷ്ണൻ, കെ.എസ്.യു സംസ്ഥാന ഉപാദ്ധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് എന്നിവരും അവകാശവാദവുമായി നിൽക്കുകയാണ്. കോർപറേഷനിൽ തുടർഭരണം നേടിയതിന്റെ ക്രെഡിറ്റ് ടി.ഒ മോഹനനെ ശക്തിപ്പെടുത്തുമെങ്കിൽ, ആദികടലായി ഡിവിഷനിലെ വൻ വിജയം റിജിൽ മാക്കുറ്റിയുടെ സാദ്ധ്യത ഉയർത്തുന്നു. 1991ൽ കണ്ണൂരിൽ നിന്ന് വിജയിച്ച് മന്ത്രിയായ എൻ. രാമകൃഷ്ണന്റെ മകളും മുൻ കൗൺസിലറുമായ അമൃത രാമകൃഷ്ണനും രംഗത്തുണ്ട്. കെ.എസ്.യു നേതാവായ മുഹമ്മദ് ഷമ്മാസ് കണ്ണൂർ കേന്ദ്രീകരിച്ച് സജീവമായ രാഷ്ട്രീയ പ്രവർത്തനം നടത്തിവരികയാണ്.
യു.ഡി.എഫിന്
കരുത്തുറ്റ ലീഡ്
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ യു.ഡി.എഫിന് കാൽ ലക്ഷത്തിലേറെ ലീഡ് ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ 15,000ത്തോളം വോട്ടിന്റെ മുൻതൂക്കവുമുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2,000ത്തിൽ താഴെ വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ മണ്ഡലം യു.ഡി.എഫിന് നഷ്ടമായെന്നതും ശ്രദ്ധേയമാണ്. എതിർപക്ഷത്ത് ഇത്തവണയും രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിക്കാനാണ് സാദ്ധ്യത.