ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം: മരകഷ്ണം കൊണ്ട് അനുജൻ ജേഷ്ടനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇരവിപുരം പാലത്തിന് സമീപം ആലയിൽ വീട്ടിൽ പരേതനായ ജോസഫിന്റെയും ജസീന്തയുടെയും മകൻ അനിൽകുമാർ(45) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ കെനിലിനെ(43) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും മാനസിക അസ്വാസ്ഥ്യമുള്ളവരാണെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് 3ഓടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ കെനിൽ മുറ്റത്ത് കിടന്ന മരകഷ്ണം കൊണ്ട് അനിൽകുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരുടെയും മാതാവ് ജസീന്ത വീട്ടിലുണ്ടായിരുന്നെങ്കിലും അടിപിടി കണ്ടിരുന്നില്ല. തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടി സംഭവം കണ്ട് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. അടിയേറ്റ് നിലത്ത് കമഴ്ന്നു വീണ് ചോര വാർന്ന അനിൽകുമാറിനെ പൊലീസെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അനിൽകുമാറും കെനിലും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ട്. ഇന്നലെ രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഉച്ചയ്ക്ക് സഹോദരി സിനി വീട്ടിലെത്തി പ്രശ്നം പരിഹരിച്ച് പോയതായിരുന്നു.
നേരത്തെ സാമിൽ തൊഴിലാളിയായിരുന്ന അനിൽകുമാർ അടുത്തകാലത്തായി ജോലിക്കൊന്നും പോകുന്നില്ല. നേരത്തെ കൽപ്പണിക്കാരനായിരുന്ന കെനിൽ ഇപ്പോൾ വല്ലപ്പോഴും കടലിൽ മത്സ്യബന്ധനത്തിന് പോകും. കെനിലിന്റെ ഭാര്യയും രണ്ട് മക്കളും വേർപിരിഞ്ഞു കഴിയുകയാണ്. അനിൽകുമാറിന്റെ ഭാര്യ കാദറിൻ വിദേശത്ത് കെയർ ടേക്കറാണ്. മൂത്തമകൻ അനീഷും വിദേശത്താണ്. അലൻ ഇളയമകനാണ്. .