85% അന്ധത, ഇനിയും കാത്തിരുന്നാല്‍ ജീവന്‍ നഷ്ടമാകും; ഇമ്രാന്‍ ഖാന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം

Thursday 12 February 2026 9:53 PM IST

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില ഗുരുതരം. പാക് സുപ്രീം കോടതി നിയോഗിച്ച അഭിഭാഷകന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇമ്രാന്റെ കാഴ്ചശക്തിക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും 85 ശതമാനം അന്ധത ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകുന്ന ഓരോ നിമിഷവും അദ്ദേഹത്തിന്റെ ജീവന് ആപത്താണെന്നും കണ്ടെത്തി. പാക് ഭരണകൂടം വലിയ ക്രൂരതയാണ് ഇമ്രാനോട് കാണിക്കുന്നതെന്നാണ് മറ്റൊരു കണ്ടെത്തല്‍.

അഡിയാല ജയിലില്‍ ദീര്‍ഘകാലം ഒറ്റപ്പെട്ട നിലയില്‍ കഴിയേണ്ടി വന്നതായും ദുരുദ്ദേശ്യപരവും മനുഷ്യത്വമില്ലാത്തതും നിയമവിരുദ്ധവുമായ ചികിത്സയാണ് മുന്‍ പ്രധാനമന്ത്രിക്ക് ലഭ്യമാക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച അമികസ് ക്യൂറി സല്‍മാന്‍ സഫ്ദര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് അനുസരിച്ച് ജയില്‍ അധികൃതര്‍ മാസങ്ങളോളം വൈദ്യ സഹായം നിഷേധിച്ചതിനെത്തുടര്‍ന്ന് ഇമ്രാന്‍ ഖാന് വലത് കണ്ണിന്റെ കാഴ്ചശക്തിയുടെ ഏകദേശം 85 ശതമാനവും നഷ്ടപ്പെട്ടിട്ടുണ്ട്.

ജയിലില്‍ ഏകാന്തവാസമാണ് ഇമ്രാന് വിധിച്ചത്, കുടുംബാംഗങ്ങള്‍ക്ക് പോലും അദ്ദേഹത്തെ കാണാനുള്ള അനുമതിയും നല്‍കിയിരുന്നില്ല. അടുത്തിടെ ഇമ്രാന്‍ ജയിലില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നുവെങ്കിലും കുടുംബം ഇത് നിഷേധിച്ചിരുന്നു.

തന്റെ സന്ദര്‍ശന വേളയില്‍ മുന്‍ പ്രധാനമന്ത്രി അസ്വസ്ഥനും ദുഃഖിതനുമായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു, ഇടയ്ക്കിടെ ടിഷ്യൂ ഉപയോഗിച്ച് തുടച്ചുകൊണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 73കാരനായ ഇമ്രാന്‍ ഖാന് തന്റെ ഡോക്ടര്‍മാരെ കാണാന്‍ പോലും അനുവാദം നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.