കോട്ടപ്പാറ മലനിരകളിൽ തീ പടർന്നു, കത്തി നശിച്ചത് ഏക്കർ കണക്കിന് റബർ തോട്ടം

Friday 13 February 2026 12:59 AM IST

കോട്ടപ്പാറ മലനിരകളിൽ പടർന്ന തീ തൊടുപുഴ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തൊടുപുഴ: വണ്ണപ്പുറം കോട്ടപ്പാറ മലനിരകളിൽ തീപടർന്നു. ഇന്നലെയുണ്ടായ തീ പിടുത്തത്തിൽ ഏക്കർകണക്കിന് റബർതോട്ടം കത്തി നശിച്ചു. രാവിലെ പതിനൊന്നോടെയാണ് തീ പടർന്നത്. ഉടനടി നാട്ടുകാർ തീ അണയ്ക്കാൻ ശ്രമം തുടങ്ങി. ഇതിനിടയിൽ തൊടുപുഴയിൽ നിന്നും അഗ്നിരക്ഷാസേനയും എത്തിയതോടെ കൃഷിയിടങ്ങളിലേക്ക് പടർന്ന തീഅണയ്ക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് തീപടരാതെ തടയാനായി . കൊടുംചൂടിൽ ഉണങ്ങി നിന്ന പുൽനാമ്പുകൾക്ക് സ്വയം തീ പിടിച്ചതാകാമെന്നാണ് നിഗമനം . കോട്ടപ്പാറ മലനിരകൾക്കു സമീത്തെ ഊറ്റുകണ്ണി ജനവാസ മേഖലയിലേയ്ക്കും തീപടർന്നു. വിളക്കുപാടത്ത് ജിഷ, അശോകൻ, ചന്ദ്രൻ, ചമക്കാലായിൽ പ്രമോദ് ഉൾപ്പെടെ നാലു കുടുംബങ്ങളുടെ പുരയിടത്തിലേയ്ക്കാണ് തീപടർന്നത്. കോട്ടപ്പാറ വനമേഖലയിൽ മുൾപ്പടർപ്പും ഇല്ലികളും മരങ്ങളും ഉൾപ്പെടെ കത്തിക്കൊണ്ടിരിക്കുകയാണ്. രാത്രിയാകുമ്പോൾ വീണ്ടും കൃഷിയിടങ്ങളിലേയ്ക്ക് തീ പടരുമെന്ന ആശങ്കയുണ്ട്. പടിഞ്ഞാറേ കോടിക്കുളം കോട്ടക്കവലയിലും ഇന്നലെ വൈകിട്ട് തീ പിടുത്തമുണ്ടായി. കൊച്ചുകുടിയിൽ ആന്റണി തോമസിന്റെ പുരയിടത്തിന് സമീപമുള്ള ഇല്ലിത്തുറുവിനാണ് തീ പിടിച്ചത്. സമീപത്തുള്ള ആട് ഫാമിലേക്ക് തീ പടർന്നെങ്കിലും ഫയർഫോഴ്സ് തക്കസമയത്തെത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. വേസ്റ്റ്കൂട്ടിയിട്ട് തീ കത്തിച്ചതാണ് അപകടകാരണം.